NEWS UPDATE

6/recent/ticker-posts

സമസ്ത രാഷ്ട്രീയ പ്രസ്ഥാനമല്ല; ദുർബലപ്പെടുത്താനോ നോവിക്കാനോ ശ്രമിക്കരുത്, സാധിക്കില്ല- ജിഫ്രി തങ്ങൾ

ബെംഗളൂരു: അടിസ്ഥാന തത്വങ്ങളിലും ഉന്നത മൂല്യങ്ങളിലും പടുത്തുയര്‍ത്തിയ സംഘടനയായതുകൊണ്ടാണ് ഒരു ശക്തിക്കും ഒരു കാലത്തും സമസ്തയെ നശിപ്പിക്കാനും ദുര്‍ബലപ്പെടുത്താന്‍ സാധിക്കാത്തതെന്ന് പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.[www.malabarflash.com]

സമസ്തയുടെ ശക്തി അംഗീകരിക്കണമെന്നാണ് എല്ലാ ജനവിഭാഗക്കാരോടും പറയാനുള്ളത്. പ്രസ്ഥാനത്തിനെ നോവിക്കാനോ ദുര്‍ബലപ്പെടുത്താനോ ആരും ശ്രമിക്കരുത്. സമുദായം ഇവിടെ നിലനില്‍ക്കുന്നകാലത്തോളം ഇതിനെ നശിപ്പിക്കാനോ ദുര്‍ബലപ്പെടുത്താനോ തകരാര്‍ ഉണ്ടാക്കാനോ ആര്‍ക്കും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നൂറാം വാര്‍ഷികം ഉദ്ഘാടനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പുത്തനാശയങ്ങള്‍ക്കെതിരെ ശബ്ദിക്കുമ്പോള്‍ പലരും പരിഹസിക്കുന്നുണ്ടാവും. അത്രവേണോയെന്ന് ചോദിക്കുന്നവരുണ്ടാവും. അവരുടെ ഏത് പ്രവര്‍ത്തനം ഉണ്ടായാലും, ഏത് ആശയങ്ങള്‍ പ്രചരിപ്പിച്ചാലും എതിരായി ശബ്ദിക്കുക എന്നത് യഥാര്‍ഥ പണ്ഡിതന്റെ കടമയാണ്. അതാണ് സമസ്തയുടെ പണ്ഡിതന്മാര്‍ ചെയ്തുവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുമുസ്ലിം എന്ന സ്വഭാവത്തിലേക്ക് നമ്മളൊക്കെ ഇറങ്ങിപ്പോകണമെന്ന് ആരെങ്കിലും ചിന്തിച്ചാലും മനസിലാക്കിയാലും അത് തെറ്റാണ്. ഒരിക്കലും അംഗീകരിച്ചുകൊടുക്കില്ല. സമസ്ത രാഷ്ട്രീയ പ്രസ്ഥാനമല്ല. അങ്ങനെ ആരെങ്കിലും വിചാരിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നും ജിഫ്രി മുത്തക്കോയ തങ്ങള്‍ പറഞ്ഞു.

സമന്വയ വിദ്യാഭ്യാസത്തിനും സ്ത്രീ വിദ്യാഭ്യാസത്തിനും സമസ്ത ഒരിക്കലും എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തില്‍ സനാഇ, സനാഇയ്യ എന്ന പേരില്‍ എസ്.എന്‍.ഇ.സിക്ക് കീഴില്‍ പുതിയ ബിരുദങ്ങള്‍ പ്രഖ്യാപിച്ചു. പൂര്‍ണ്ണമായും സമസ്തയുടെ ആശയാദര്‍ശങ്ങള്‍ ഉള്‍ക്കൊണ്ട്, സമസ്തയുടെ ഉപദേശങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുന്ന, അതിന് മടിയില്ലാത്ത എസ്.എന്‍.ഇ.സിയാണ് ബിരുദങ്ങള്‍ നല്‍കുകയെന്ന് അദ്ദേഹം അറിയിച്ചു.

Post a Comment

0 Comments