NEWS UPDATE

6/recent/ticker-posts

'ഭാര്യക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതം'; ഗൂഢാലോചനയെന്ന് ടി സിദ്ദിഖ്

കോഴിക്കോട്: ഭാര്യ ഷറഫൂന്നിസക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ് എംഎല്‍എ. 2022 ല്‍ ഭാര്യ സ്ഥാപനത്തില്‍ നിന്നും രാജിവച്ചിരുന്നു. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ശരിയല്ലായെന്നതുകൊണ്ടാണ് രാജിവെച്ചത്. പരാതിയില്‍ പറയുന്ന തട്ടിപ്പ് നടന്നത് 2023ലാണ്. പരാതിക്കാരിയെ ഭാര്യയ്ക്ക് നേരിട്ട് പരിചയമില്ലെന്നും ടി സിദ്ദിഖ് കോഴിക്കോട് മാധ്യമങ്ങളോട് വിശദീകരിച്ചു.[www.malabarflash.com]


തട്ടിപ്പ് നടന്നുവെന്ന് പറയുന്ന കാലയളവില്‍ ഷറഫൂന്നിസ അവിടെ ജോലി ചെയ്തിരുന്നുവെന്ന് തെളിയിക്കാന്‍ പോലീസിനെയും പരാതിക്കാരിയെയും വെല്ലുവിളിക്കുന്നുവെന്നും ടി സിദ്ദിഖ് പറഞ്ഞു. കേസിനാസ്പദമായ സംഭവം നടന്നെന്ന് എഫ്‌ഐആറില്‍ പറയുന്നത് 2023 മാര്‍ച്ച് 16 ഉം ഏപ്രില്‍ 19 ഉം ആണ്. എന്നാല്‍ 2022 ഡിസംബര്‍ എട്ടിന് ഭാര്യ ഔദ്യോഗികമായി രാജിവെച്ചിരുന്നു. ഇതിനുശേഷം അവിടേയ്ക്ക് തിരികെ പോയിട്ടുമില്ല. സ്ഥാപനത്തില്‍ സിസിടിവിയുണ്ടെന്നും എന്തും പോലീസ് പരിശോധിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിധി ലിമിറ്റഡിന് കീഴിലെ സിസ് ബാങ്ക് എന്ന ധനകാര്യ സ്ഥാപനത്തിന്റെ പേരിലുള്ള സാമ്പത്തിക തട്ടിപ്പിലാണ് ഷറഫൂന്നിസക്കെതിരെ നടക്കാവ് പോലീസ് കേസെടുത്തത്. കോഴിക്കോട് സ്വദേശിനി നല്‍കിയ പരാതിയില്‍ ഷറഫൂന്നിസയടക്കം അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തത്. സിസ് ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ വാസിം തൊണ്ടിക്കാടന്‍, ഭാര്യ റാഹില ബാനു, തൊണ്ടിക്കാട് മൊയ്തീന്‍കുട്ടി എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. ബ്രാഞ്ച് മാനേജറായിരുന്ന ഷറഫൂന്നിസ നാലാം പ്രതിയാണ്. ഷംനയാണ് അഞ്ചാം പ്രതി. കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാറും പ്രതികരിച്ചു.

Post a Comment

0 Comments