ഹുൻസൂർ: കർണാടകയിൽ ദുരഭിമാനക്കൊല. ഇതര മതസ്ഥനുമായുള്ള ബന്ധത്തെ തുടർന്ന് 19 കാരിയെ സഹോദരൻ കായലിൽ തള്ളിയിട്ട് കൊന്നു. മകളെ രക്ഷിക്കാൻ കായലിൽ ചാടിയ അമ്മയും മരണപ്പെട്ടതായി പോലീസ്. സംഭവത്തിൽ സഹോദരൻ അറസ്റ്റിലായി.[www.malabarflash.com]
ബെംഗളൂരുവിൽ നിന്ന് 175 കിലോമീറ്റർ അകലെയുള്ള ഹുൻസൂർ ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഗ്രാമത്തിലെ ഒരു മുസ്ലീം യുവാവുമായുള്ള ബന്ധത്തെച്ചൊല്ലി പ്രതി നിതിയും സഹോദരി ധനുശ്രീയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. കഴിഞ്ഞ 7 മാസമായി നിതിനും സഹോദരിയും പരസ്പരം സംസാരിച്ചിരുന്നില്ല.
ചൊവ്വാഴ്ച രാത്രി ഇരുവരും തമ്മിലുള്ള തർക്കം രൂക്ഷമായി. ബന്ധം അവസാനിപ്പിക്കാൻ നിതിൻ ആവശ്യപ്പെട്ടെങ്കിലും യുവതി സമ്മതിച്ചില്ല. പ്രകോപിതനായ നിതിൻ തന്റെ സഹോദരിയെ തടാകത്തിലേക്ക് തള്ളിയിടുകയായിരുന്നു. തൊട്ടുപിന്നാലെ മകളെ രക്ഷിക്കാൻ 43 കാരിയായ അമ്മയും ചാടി.
സംഭവത്തിന് പിന്നാലെ നിതിൻ അടുത്തുള്ള ഒരു ബന്ധുവീട്ടിൽ എത്തി പെട്രോൾ അടിക്കാൻ പണം ആവശ്യപ്പെട്ടു. പെട്രോൾ നിറച്ച ശേഷം ബന്ധുവീട്ടിൽ മടങ്ങിയെത്തിയ നിതിൻ, ബന്ധുവിനൊപ്പം സംഭവസ്ഥലത്തെത്തി നടന്ന കാര്യങ്ങൾ വിശദീകരിച്ചു. ബന്ധുവാണ് വിവരം പോലീസിനെ അറിയിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്.
0 Comments