NEWS UPDATE

6/recent/ticker-posts

വഖഫിന് 100 കോടി; ന്യൂനപക്ഷങ്ങള്‍ക്കും ദളിതുകള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം നല്‍കി കര്‍ണാടക ബജറ്റ്

ബെംഗളൂരു: ന്യൂനപക്ഷവിഭാഗങ്ങള്‍ക്കും ദളിതുകള്‍ക്കും വനിതകള്‍ക്കും മുന്‍തൂക്കം നല്‍കി കര്‍ണാടക സംസ്ഥാന ബജറ്റ്. ധനകാര്യവകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചത്.[www.malabarflash.com]

വഖഫ് സ്വത്തുകളുടെ വികസനത്തിനായി നൂറ് കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചത്. പട്ടികവര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രത്യേക സെക്രട്ടേറിയേറ്റ് പട്ടികവര്‍ഗ വിഭാഗത്തിന് കീഴില്‍ ആരംഭിക്കും. സ്ത്രീകള്‍ക്കായുള്ള വിവിധ പദ്ധതികള്‍ക്കായി 86,423 കോടി രൂപ നീക്കിവെക്കുന്നതായും സിദ്ധരാമയ്യ പ്രഖ്യാപിച്ചു.

സിദ്ധരാമയ്യയുടെ 15-ാമത് ബജറ്റ് അവതരണമായിരുന്നു ഇത്. 1995-96 സാമ്പത്തികവര്‍ഷത്തെ ബജറ്റാണ് അദ്ദേഹം ആദ്യമായി അവതരിപ്പിച്ചത്. 12,616 കോടി രൂപയുടെ ബജറ്റായിരുന്നു അത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു സിദ്ധരാമയ്യയുടെ ഇതിന് മുമ്പത്തെ ബജറ്റ് അവതരണം. 3.27 ലക്ഷം കോടി രൂപയുടെ ബജറ്റായിരുന്നു അത്.

  • ഈ വര്‍ഷത്തേത് 3.71 ലക്ഷം കോടി രൂപയുടെ ബജറ്റ്. പ്രതീക്ഷിക്കുന്നത് 6.6 ശതമാനത്തിന്റെ വളര്‍ച്ച.
  • ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജി.എസ്.ടി. പിരിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കര്‍ണാടക. ജി.എസ്.ടിയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 18 ശതമാനം വളര്‍ച്ച.
  • അശാസ്ത്രീയമായി ജി.എസ്.ടി. നടപ്പാക്കിയതുകാരണം കര്‍ണാടകയ്ക്ക് 59,000 കോടി രൂപ നഷ്ടമായി.
  • ഗൃഹനാഥയ്ക്ക് പ്രതിമാസം 2000 രൂപ വീതം നല്‍കുന്ന നിലവിലെ ഗൃഹലക്ഷ്മി പദ്ധതി മുഖേന 11726 കോടി രൂപ ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തിച്ചു. ഈ വര്‍ഷം 28,608
  • മെഡിക്കല്‍ കോളേജുകള്‍ക്കായി 400 കോടി രൂപ. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ നിര്‍മിക്കാന്‍ 130 കോടി.
  • അങ്കണവാടി പ്രവര്‍ത്തകര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കുമായി 75,938 സ്മാര്‍ട്ട്‌ഫോണുകള്‍ നല്‍കും. ഇതിനായി 90 കോടി രൂപ.
  • ആയിരം പുതിയ അങ്കണവാടികള്‍ നിര്‍മിക്കാനായി 200 കോടി രൂപ.
  • ലൈംഗിക ന്യൂനപക്ഷങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനായി മൈത്രി പദ്ധതി പ്രകാരം നല്‍കുന്ന പ്രതിമാസ പെന്‍ഷന്‍ 800-ല്‍ നിന്ന് 1000 രൂപയാക്കി വര്‍ധിപ്പിച്ചു.
  • ദേവദാസികളായിരുന്ന സ്ത്രീകള്‍ക്കുള്ള പ്രതിമാസ അലവന്‍സ് 1500-ല്‍ നിന്ന് 2000 രൂപയാക്കി ഉയര്‍ത്തി.
  • 2024-25 സാമ്പത്തികവര്‍ഷം സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍ക്കുവേണ്ടി 86,243 കോടി രൂപ. കുട്ടികള്‍ക്കായുള്ള പദ്ധതികള്‍ക്ക് 54,617 കോടി രൂപ.
  • എസ്.സി/എസ്.ടി/ബി.സി. വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷ ക്ഷേമവകുപ്പിനും റെസിഡന്‍ഷ്യല്‍ സ്‌കൂളുകളും ഹോസ്റ്റലുകളും നിര്‍മിക്കാന്‍ 2,710 കോടി രൂപ.
  • എസ്.സി/എസ്.ടി വിഭാഗത്തില്‍ പെട്ട അപൂര്‍വ രോഗങ്ങള്‍ ബാധിച്ചവരോ വലിയ ചെലവുള്ള ചികിത്സ ആവശ്യമുള്ളവരോ ആയവര്‍ക്ക് സാമ്പത്തിക സഹായത്തിനായി 35 കോടി രൂപ.
  • ദളിത് കവിയായിരുന്ന പത്മശ്രീ ഡോ. സിദ്ധലിംഗയ്യയുടെ പേരില്‍ ബെംഗളൂരു സര്‍വകലാശാലയില്‍ ചെയര്‍ സ്ഥാപിക്കും.
  • നിലവില്‍ ഫെലോഷിപ്പുകളൊന്നും ലഭിക്കാത്ത, എസ്.ടി. വിഭാഗത്തില്‍ പെട്ട 100 ഗവേഷക വിദ്യാര്‍ഥികള്‍ക്ക് 25,000 രൂപ പ്രതിമാസ സ്റ്റൈപ്പന്‍ഡ്.
  • വഖഫ് സ്വത്തുക്കളുടെ വികസനത്തിനായി നൂറ് കോടി രൂപ.
  • ന്യൂനപക്ഷവിഭാഗങ്ങളിലെ വനിതകളെ വ്യത്യസ്തങ്ങളായ സ്വയം സഹായ സംഘങ്ങള്‍ ആരംഭിക്കാന്‍ പ്രോത്സാഹിപ്പിക്കും. ഇതിനായി 10 കോടി രൂപ.
  • മംഗളൂരു ഹജ്ജ് ഭവനിലെ നിര്‍മാണ പ്രവൃത്തികള്‍ക്ക് 10 കോടി രൂപ.
  • ക്രിസ്ത്യന്‍ സമൂഹത്തിന്റെ ഉന്നമനത്തിനാി 200 കോടി രൂപ.
  • ബുദ്ധമതത്തിന്റെ വിശുദ്ധപുസ്തകമായ 'തിപിടകം' കന്നഡ ഭാഷയിലേക്ക് പരിഭാഷപ്പെടുത്താനായി ആവശ്യമായ തുക വകയിരുത്തും.
  • സംസ്ഥാനത്തെ പ്രധാന ജൈന തീര്‍ഥാടന കേന്ദ്രങ്ങളുടെ വികസനത്തിനായി 50 കോടി രൂപ.
  • 2023-24 വര്‍ഷം മൂന്ന് ലക്ഷം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കും. 2024-25 വര്‍ഷം മൂന്ന് ലക്ഷം വീടുകള്‍ കൂടി പുതുതായി നിര്‍മിക്കും. കൂടാതെ വീടില്ലാത്തവരെ കണ്ടെത്താനായി സംസ്ഥാനത്ത് സര്‍വേ നടത്തും.
  • 80 വയസിന് മുകളില്‍ പ്രായമുള്ളവരുടെ വീട്ടുപടിക്കല്‍ പൊതുവിതരണത്തിനുള്ള ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി എത്തിക്കുന്നതിനായി അന്ന-സുവിധ ഹോം ഡെലിവറി ആപ്പ് അവതരിപ്പിക്കും.

Post a Comment

0 Comments