NEWS UPDATE

6/recent/ticker-posts

വയനാട്ടിൽ വീട്ടിൽ കയറി കാട്ടാനയുടെ ആക്രമണം: യുവാവിന് ദാരുണാന്ത്യം, 144 പ്രഖ്യാപിച്ചു

മാനന്തവാടി: റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന വീട്ടിലേക്കു കയറി യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്തി. ട്രാക്ടർ ഡ്രൈവറായ പനച്ചിയിൽ അജി (42) ആണു കൊല്ലപ്പെട്ടത്. രാവിലെ 7.30 ഓടെ മാനന്തവാടി ചാലിഗദ്ധയിലാണു കാട്ടാന കയറിയത്. കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ചു കാടുകയറ്റിയ ആനയാണു ജനവാസമേഖലയിലേക്കെത്തിയത്.[www.malabarflash.com]


കഴിഞ്ഞ നാലുദിവസമായി ഈ ആന വയനാടന്‍ കാടുകളിലും ജനവാസമേഖലകളിലുമുണ്ട്. കേരള വനംവകുപ്പ് സഞ്ചാരപഥം നിരീക്ഷിച്ചുവരുന്നതിനിടെയാണു കാട്ടാന യുവാവിനെ കൊലപ്പെടുത്തിയത്. ഇതിനിടെ മുട്ടങ്കര മറ്റത്തില്‍ ജിബിന്റെ വീടിന്റെ മതിലും കാട്ടാന തകര്‍ത്തു. ഇപ്പോഴും കാട്ടാന ജനവാസമേഖലയോടു ചേര്‍ന്നു നിലയുറപ്പിച്ചിരിക്കുകയാണ്.

റേഡിയോ കോളര്‍ കാട്ടാന ജനവാസമേഖലയില്‍ത്തന്നെ തുടരുന്നതിനാല്‍ മാനന്തവാടി നഗരസഭയിലെ 4 ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറുവ, കുറുക്കന്മൂല, പയ്യമ്പള്ളി, കാടന്‍കൊല്ലി ഡിവിഷനുകളിലാണു ജില്ലാ ഭരണകൂടം 144 പ്രഖ്യാപിച്ചത്. നേരത്തെ തണ്ണീര്‍ക്കൊമ്പന്‍ നഗരത്തിലിറങ്ങിയപ്പോഴും മാനന്തവാടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

അതേസമയം ഇന്നലെ രാത്രി തോൽപ്പെട്ടിയിൽ വന്യജീവിയുടെ ആക്രമണത്തിൽ പരുക്കേറ്റ താൽകാലിക വനപാലകൻ വെങ്കിട്ടദാസിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

Post a Comment

0 Comments