കേപ്ടൗണ്‍: അണ്ടർ 19 ലോകകപ്പിന്‍റെ കലാശപ്പോരിലും ഇന്ത്യന്‍ ദുരന്തം. ഇന്ത്യന്‍ കൗമാരപ്പടയെ 79 റണ്‍സിന് കീഴടക്കി ഓസ്‌ട്രേലിയ നാലാം ലോകകിരീടം സ്വന്തമാക്കി. ഇതോടെ ഏകദിന ലോകകപ്പിനൊപ്പം കൗമാരപ്പടയുടെ ആറാം ലോകകിരീടമെന്ന ഇന്ത്യന്‍ സ്വപ്‌നവും പൊലിഞ്ഞു.[www.malabarflash.com]
ആദ്യം ബാറ്റുചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സ് നേടിയിരുന്നു. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 43.5 ഓവറില്‍ 174 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ടായി. ഇന്ത്യന്‍ നിരയില്‍ ഒരു താരത്തിനും 50 റണ്‍സ് കടക്കാനായില്ല. 77 പന്തില്‍ നിന്ന് 47 റണ്‍സെടുത്ത ഓപ്പണര്‍ ആദര്‍ശ് സിങ്ങാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഓസീസിന് വേണ്ടി മഹ്‌ലി ബിയര്‍ഡ്മാന്‍, റാഫേല്‍ മക്മില്ലന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കാല്ലം വിഡ്‌ലര്‍ രണ്ട് വിക്കറ്റും വീഴ്ത്തി.
അണ്ടര്‍ 19 ലോകകപ്പില്‍ ആദ്യമായാണ് ഒരു ടീം ആദ്യം ബാറ്റ് ചെയ്ത് 250നു മുകളില്‍ സ്‌കോര്‍ ഉയര്‍ത്തുന്നത്. അണ്ടര്‍ 19 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് പക്ഷേ ടൂര്‍ണമെന്റിലുടനീളം പുലര്‍ത്തിയ മികവും ആധിപത്യവും പുറത്തെടുക്കാനായില്ല. 47 റണ്‍സെടുത്ത ആദര്‍ശ് സിങ്ങിന് പുറമെ മുരുഗന്‍ പെരുമാള്‍ അഭിഷേക് (42), മുഷീര്‍ ഖാന്‍ (22), നമന്‍ തിവാരി (14*) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടക്കാനായത്.
അര്‍ഷിന്‍ കുല്‍ക്കര്‍ണി (3), ക്യാപ്റ്റന്‍ ഉദയ് സഹ്‌റാന്‍ (8), സച്ചിന്‍ ദാസ് (9), പ്രിയാന്‍ഷു മോളിയ (9), ആരവെല്ലി അവനിഷ് റാവു (0), രാജ് ലിംബാനി (0), സൗമി കുമാര്‍ പാണ്ഡെ (2) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം.
കലാശപ്പോരില്‍ ടോസ് നേടിയ ഓസീസ് ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടീം സ്‌കോര്‍ 16ല്‍ നില്‍ക്കേ ഓസ്‌ട്രേലിയയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ സാം കോണ്‍സ്റ്റാസിനെ (0) പുറത്താക്കി രാജ് ലിംബാനിയാണ് ഇന്ത്യന്‍ ആക്രമണത്തിന് തുടക്കമിട്ടത്. രണ്ടാം വിക്കറ്റില്‍ ഹാരി ഡിക്‌സണും ക്യാപ്റ്റന്‍ ഹ്യൂഗ് വീഗനും ചേര്‍ന്ന് 78 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി ഓസീസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. എന്നാല്‍ ഇരുവരെയും അടുത്തടുത്ത ഓവറുകളില്‍ വീഴ്ത്തി നമന്‍ തിവാരി കംഗാരുപ്പടയെ വിറപ്പിച്ചു.
വണ്‍ ഡൗണായി ഇറങ്ങിയ ക്യാപ്റ്റന്‍ ഹ്യൂഗ് 66 പന്തില്‍ 48 റണ്‍സെടുത്താണ് മടങ്ങിയത്. താരത്തെ നമന്‍ മുഷീര്‍ ഖാന്റെ കൈകളിലെത്തിച്ചു. 56 പന്തില്‍ 42 റണ്‍സെടുത്ത ഡിക്‌സണ്‍ നമന്‍ തിവാരിയുടെ പന്തില്‍ മുരുഗന്‍ പെരുമാളിന് ക്യാച്ച് നല്‍കി മടങ്ങി. നാലാം വിക്കറ്റില്‍ ഹര്‍ജാസ് സിങ്ങും റയാന്‍ ഹിക്ക്‌സും ചേര്‍ന്നതോടെ ഓസീസ് വീണ്ടും ട്രാക്കിലായി. 25 പന്തില്‍ 20 റണ്‍സെടുത്ത റയാന്‍ ഹിക്ക്‌സിനെ വിക്കറ്റിന് മുന്നില്‍ കുരുക്കിയ രാജ് ലിംബാനിയാണ് ആ കൂട്ടുകെട്ട് തകര്‍ത്തത്.
മധ്യനിരയില്‍ ആക്രമിച്ചുകളിച്ച ഇന്ത്യന്‍ വംശജനായ ഹര്‍ജാസ് സിങ്ങിന്റെ അര്‍ധസെഞ്ച്വറി ഓസ്‌ട്രേലിയയ്ക്ക് പുതുജീവന്‍ നല്‍കി. ഒടുവില്‍ 38-ാം ഓവറില്‍ ഹര്‍ജാസ് സിങ്ങിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി സൗമി പാണ്ഡേയാണ് ഇന്ത്യയ്ക്ക് രക്ഷയായത്. 64 പന്തില്‍ മൂന്ന് സിക്‌സും മൂന്ന് ബൗണ്ടറിയും സഹിതം 55 റണ്‍സെടുത്ത് നിര്‍ണായക പ്രകടനം കാഴ്ചവെച്ച ഹര്‍ജാസാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍.
എന്നാല്‍ പാകിസ്താനെതിരായ സെമിയില്‍ ഓസീസിന്റെ വിജയശില്‍പ്പിയായിരുന്ന റാഫേല്‍ മക്മില്ലന് (2) അതിവേഗം മടങ്ങേണ്ടി വന്നു. മക്മില്ലനെ സ്വന്തം പന്തില്‍ തന്നെ പിടികൂടിയ മുഷീര്‍ ഖാനാണ് ഇന്ത്യയ്ക്ക് വീണ്ടും മേല്‍ക്കൈ നല്‍കിയത്. എങ്കിലും ആറാമനായി ക്രീസിലെത്തിയ ഒല്ലി പീക്ക് ചെറുത്തുനിന്നത് ഓസ്‌ട്രേലിയയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചു. പീക്കിന് പിന്തുണ നല്‍കി ചാര്‍ലി ആന്‍ഡേഴ്‌സണ്‍ പൊരുതിനോക്കിയെങ്കിലും 13 റണ്‍സെടുത്ത താരത്തെ രാജ് ലിംബാനി വിക്കറ്റിന് മുന്നില്‍ കുരുക്കി. 43 പന്തില്‍ 46 റണ്‍സെടുത്ത ഒല്ലി പീക്കിനൊപ്പം എട്ട് റണ്‍സെടുത്ത ടോം സ്‌ട്രേക്കറും പുറത്താകാതെ നിന്നു.
0 Comments