ഹൈദരാബാദ്: സെൽഫി എടുക്കാനായി മൃഗശാലയിലെ കൂടിനടുത്തെത്തിയ യുവാവിനെ സിംഹം കടിച്ചുകൊന്നു. ആന്ധ്രപ്രദേശിലെ തിരുപ്പതി മൃഗശാലയിൽ വ്യാഴാഴ്ച വൈകിട്ടോടെയാണു സംഭവം. പ്രഹ്ലാദ് ഗുജ്ജർ (38) എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് മൃഗശാല അധികൃതർ അറിയിച്ചു. രാജസ്ഥാനിലെ അൾവാർ സ്വദേശിയാണ്.[www.malabarflash.com] സിംഹക്കൂടിനടുത്ത് പൊതുജനങ്ങൾക്ക് പ്രവേശിക്കുന്നതിനു നിരോധനം ഏർപ്പെടുത്തിയ സ്ഥലത്തിറങ്ങി യുവാവ് സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സിംഹത്തിന്റെ ആക്രമണം. മൃഗശാല അധികൃതരുടെ നിർദേശം അവഗണിച്ച്, 25 അടി ഉയരമുള്ള മുൾവേലി ചാടി കടന്നാണ് ഇയാൾ സിംഹക്കൂട്ടിൽ പ്രവേശിച്ചത്.
അധികൃതർ എത്തുന്നതിനു മുൻപു തന്നെ സിംഹം ഇയാളെ കടിച്ചുകൊന്നെന്നാണു റിപ്പോർട്ട്.
സംഭവത്തിൽ പോലീസ് കേസ് റജിസ്റ്റർ ചെയ്തു. പോസ്റ്റ്‌മോർട്ടം നടപടികൾക്കു ശേഷം യുവാവിന്റെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും. യുവാവിന്റെ കുടുംബവുമായി ബന്ധപ്പെടാൻ ശ്രമിക്കുകയാണെന്നു മൃഗശാല അധികൃതർ അറിയിച്ചു.
0 Comments