അങ്ങനൊരു കവർച്ച നടന്നിട്ടേയില്ലെന്ന് പോലീസ് കണ്ടെത്തി. ബാങ്ക് മാനേജർ തയ്യാറാക്കിയ നാടകമായിരുന്നു സംഭവമെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.[www.malabarflash.com]
മൂവാറ്റുപുഴയിലെ സ്വകാര്യ ബാങ്കിലെ മാനേജറായ രാഹുൽ രഘുനാഥനാണ് കൈവശമുണ്ടായിരുന്ന സ്വർണം കവർച്ച ചെയ്യപ്പെട്ടെന്ന് പോലീസിൽ പരാതി നൽകിയത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ തൃക്ക ക്ഷേത്രത്തിന് സമീപത്തുവച്ച് ഇരുചക്ര വാഹനത്തിലെത്തിയ രണ്ടംഗ സംഘം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന തന്‍റെ കണ്ണിൽ മുളകുപൊടി വിതറിയെന്നും കൈയിലുണ്ടായിരുന്ന 26 ലക്ഷം രൂപയുടെ സ്വർണം കവർന്നെന്നുമായിരുന്നു പരാതി.
എറണാകുളം റൂറൽ പരിധിയിലെ പോലീസുകാർ ഒന്നടങ്കം പരാതിക്ക് പിന്നാലെ അന്വേഷണവുമായി ഇറങ്ങി. രാഹുലിന്‍റെ കണ്ണിൽ മുളകുപൊടി ഉണ്ടായിരുന്നെങ്കിലും ഹെൽമെറ്റിൽ മുളകുപൊടിയുടെ അംശങ്ങളൊന്നും കണ്ടില്ല.
രാഹുൽ സഞ്ചരിച്ചിരുന്ന ബൈക്കിന്‍റെ സീറ്റിലും കാര്യമായി മുളകുപൊടി ഉണ്ടായിരുന്നില്ല. മാത്രമല്ല, രാഹുൽ രഘുനാഥൻ പറഞ്ഞ
പല കാര്യങ്ങളിലും പോലീസിന് പൊരുത്തക്കേട് തോന്നി. ഇതോടെ മൂവാറ്റുപുഴ ഡിവൈഎസ്പി എ.ജെ. തോമസും സംഘവും വിശദമായ അന്വേഷണം തുടങ്ങി. രാഹുലിനെ വിശദമായി ചോദ്യം ചെയ്തതോടെ ഇയാള്‍ സത്യം പോലീസിനോട് തുറന്ന് പറഞ്ഞു.
രാഹുൽ ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഓഡിറ്റിങ്ങ് നടത്തിയപ്പോൾ 530 ഗ്രാം സ്വർണ്ണം കുറവ് വന്നതായി കണ്ടെത്തിയിരുന്നു.
ഈ സ്വർണം വ്യാഴാഴ്ച ആയിരുന്നു തിരികെ ഏൽപ്പിക്കുവാൻ രാഹുലിന് ബാങ്ക് നിർദ്ദേശിച്ചിരുന്നു സമയം.
മറ്റൊരു ബാങ്കിൽ നിന്ന് ടേക്ക് ഓവർ ചെയ്ത് കൊണ്ടു വന്ന 26 ലക്ഷം രൂപയുടെ സ്വർണം മോഷണം പോയെന്ന് വ്യാജ പരാതി ഉണ്ടാക്കുകയും ഈ സ്വർണം സ്വന്തം ബാങ്കിൽ വെക്കാനുമായിരുന്നു ഉദ്ദേശിച്ചിരുന്നത്. രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. സംഭവത്തിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതടക്കം പോലീസ് അന്വേഷിക്കുന്നുണ്ട്.
0 Comments