NEWS UPDATE

6/recent/ticker-posts

കേരളത്തിൽ യുഡിഎഫിനെ അധികാരത്തിലെത്തിക്കുക ലക്ഷ്യം; കെപിസിസിയുടെ ‘സമരാഗ്നി’ക്ക് തുടക്കം

കാസർകോട്: കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾ ക്കെതിരെ കെപിസിസി പ്രസിഡന്റ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയ്‌ക്ക് കാസർകോട്ടു തുടക്കമായി. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി പ്രക്ഷോഭയാത്ര ഉദ്ഘാടനം ചെയ്തു.[www.malabarflash.com]


നരേന്ദ്ര മോദിയുടെ മുന്നിൽ കവാത്ത് മറക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്, ഗവർണറോട് ഏറ്റുമുട്ടാൻ എന്ത് ധാർമികതയാണ് ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു. ‘‘സിപിഎമ്മിനെ ബംഗാള്‍ മോഡലിൽ ഭരണത്തിൽ നിന്നിറക്കാൻ ക്വട്ടേഷൻ എടുത്തിരിക്കുന്ന നേതാവാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് സിപിഎം അണികൾ തിരിച്ചറിയണം. അദ്ദേഹത്തിന് ബിജെപി വിരോധമോ, വർഗ്ഗീയ വിരോധമോ ഇല്ല. പദവി സംരക്ഷിക്കാനും, സ്വന്തക്കാരെ സംരക്ഷിക്കുവാനും എതൊരു ഒത്തുതീര്‍പ്പുകളേയും ഭാഗമാക്കുകയാണ് അദ്ദേഹത്തിന്റെ ഉദ്ദേശ്യം. അതിനെ തുറന്നുകാട്ടാനാണ് ഈ യാത്ര. അതിന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇരുപതിൽ ഇരുപത് സീറ്റും നൽകി കേരളം ഐക്യദാർഢ്യം നൽകുമെന്നത് ഉറപ്പാണ്. പ്രധാനമന്ത്രി എത്രതവണ വന്നാലും കേരളത്തിൽ അക്കൗണ്ട് തുറക്കാനാകില്ല. ബിജെപിയുടേത് വ്യാമോഹമാണ്.’’–കെ.സി.വേണുഗോപാൽ പറഞ്ഞു.

സംസ്ഥാനത്ത് മോദി–പിണറായി പായ്‌ക്കെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.‌സതീശൻ കുറ്റപ്പെടുത്തി. ‘‘സംസ്ഥാനത്ത് ബിജെപിയും സിപിഎമ്മും ഒരുമിച്ച് പ്രവർത്തിക്കുകയാണ്. പിണറായിയുടെ ഭരണം നാടിനുവേണ്ടിയല്ല. സ്വന്തം കുടുംബത്തെ രക്ഷിക്കാനുള്ള ഭരണമാണ്’’–വി.ഡി.സതീശൻ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇരുപതിൽ ഇരുപത് സീറ്റുകളും നേടുകയാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. ‘‘കേരളത്തിൽ യുഡിഎഫിനെ അധികാരത്തിൽ കൊണ്ടുവരാനുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് സമരാഗ്നി പ്രക്ഷോഭയാത്ര. കേന്ദ്രത്തിൽ ബിജെപിയേയും കേരളത്തിൽ എൽഡിഎഫിനേയും എതിർത്തു തോൽപ്പിക്കാനുള്ള കരുത്ത് നേടി. ജനമനസ്സിലേക്കത് ആവാഹിക്കുകയാണ് യാത്ര കൊണ്ട് ഉദ്ദേശിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇരുപതിൽ ഇരുപത് സീറ്റുകളും നേടുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം’’– കെ.സുധാകരൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ 10ന് നഗരസഭാ മിനി കോൺഫറൻസ് ഹാളിൽ നടക്കുന്ന ജനകീയ ചർച്ചാസദസ്സിൽ, ദുരിതമനുഭവിക്കുന്നവരുമായി നേതാക്കൾ സംവദിക്കും. ഉച്ചയ്ക്ക് 12നു കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും സംയുക്ത വാർത്താ സമ്മേളനം. സമരാഗ്നിയുടെ ഭാഗമായി 14 ജില്ലകളിലായി 30 സമ്മേളനങ്ങൾ നടക്കും. സമരാഗ്നി ജാഥ 29നു തിരുവനന്തപുരത്തു സമാപിക്കും.

Post a Comment

0 Comments