NEWS UPDATE

6/recent/ticker-posts

ധൈര്യമുണ്ടെങ്കില്‍ അമേത്തിയില്‍ മത്സരിക്കൂ; രാഹുലിനെ വെല്ലുവിളിച്ച് സ്മൃതി

ലക്‌നൗ: വയനാട്ടില്‍ മത്സരിക്കാതെ അമേത്തിയില്‍ ജനവിധി തേടാന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് സ്‌മൃതി ഇറാനി. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഉത്തര്‍പ്രദേശില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് സ്‌മൃതി ഇറാനിയുടെ വെല്ലുവിളി.[www.malabarflash.com]


2019 ല്‍ രാഹുല്‍ അമേത്തിയെ കൈവിട്ടു. ഇന്ന് അമേത്തി രാഹുലിനെയും കൈവിട്ടു. ധൈര്യമുണ്ടെങ്കില്‍ വയനാട്ടിലേക്ക് പോകാതെ അമേത്തിയില്‍ നിന്ന് മത്സരിക്കണമെന്നും സ്‌മൃതി ഇറാനി പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രക്കിടയിലും അമേത്തിയിലെ വിജനമായ റോഡുകള്‍ ജനങ്ങള്‍ക്ക് രാഹുലിനോടുള്ള മനോഭാവം കാണിക്കുന്നുണ്ടെന്നും സ്‌മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു. മണ്ഡലത്തിലെ നാല് ദിവസത്തെ സന്ദര്‍ശനത്തിനിടെ ജന്‍ സംവാദില്‍ സംസാരിക്കവേയാണ് സ്‌മൃതി രാഹുലിനെ വെല്ലുവിളിച്ചത്.

ഒരുകാലത്ത് കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായിരുന്നു അമേത്തി. എന്നാല്‍ 2019 ലെ തിരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിയോട് 55,000 വോട്ടിന് രാഹുല്‍ ഗാന്ധി പരാജയപ്പെടുകയായിരുന്നു. ഉത്തര്‍പ്രദേശിലെ 80 സീറ്റുകളില്‍ ഒരു സീറ്റില്‍ മാത്രമാണ് 2019 ല്‍ കോണ്‍ഗ്രസിന് ജയിക്കാനായത്. റായ്ബറേലിയില്‍ മാത്രം.

അമേത്തിയില്‍ പരാജയപ്പെട്ടെങ്കിലും വന്‍ ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

2024 ലെ തിരഞ്ഞെടുപ്പില്‍ സോണിയാ ഗാന്ധി മത്സര രംഗത്ത് ഉണ്ടാവില്ല. രാജ്യസഭയിലേക്ക് മത്സരിക്കുന്ന സോണിയ റായ്ബറേലിയിലെ ജനങ്ങളോട് തന്റെ കുടുംബത്തിന്റെ കൂടെ നില്‍ക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. ഗാന്ധി കുടുംബം മറ്റാര്‍ക്കും ഈ സീറ്റ് വിട്ടുകൊടുക്കില്ലെന്നും സ്‌മൃതി ഇറാനി പറഞ്ഞു.

Post a Comment

0 Comments