ഡിഫന്‍ഡര്‍ റജിസ്‌ട്രേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡി (ഡിജിഎഫ് ടി)ല്‍ നിന്നുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ വാഹനം റജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ലെന്ന ആര്‍ടിഒ അധികൃതരുടെ നിലപാടായിരുന്നു റജിസ്‌ട്രേഷന്‍ വൈകാന്‍ കാരണമായത്. എന്നാല്‍, 2019 മുതല്‍ റജിസ്‌ട്രേഷന് ഈ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നായിരുന്നു ഡീലര്‍മാരുടെ നിലപാട്. ഇതോടെ പ്രതിസന്ധിയിലായത് ഒന്നരകോടിയോളം രൂപ മുടക്കി വാഹനം വാങ്ങിയ ഹസീനയും.
യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് സ്റ്റാര്‍ ഹോള്‍ഡിങ്ങിന്റെ മാനേജിങ് ഡയറക്ടര്‍ ആണ് ഹസീന. കേരളത്തിലെ പ്രമുഖ ചലച്ചിത്ര നടന്മാര്‍ക്ക് അടക്കം ഒട്ടേറെ പേര്‍ സംസ്ഥാനത്ത് ഈ ആഡംബര വാഹനമുണ്ട്. എന്നാല്‍, ലാന്‍ഡ് റോവര്‍ സ്വന്തമായുള്ള കേരളത്തിലെ അപൂര്‍വം വനിതകളിലൊരാളാണ് ഈ യുവതി. എട്ട് മാസം മുന്‍പാണ് ഇവര്‍ വാഹന റജിസ്‌ട്രേഷന് കണ്ണൂര്‍ ആര്‍ടിഒയെ സമീപിച്ചത്. വാഹനത്തിന് ഫാന്‍സി നമ്പര്‍ കിട്ടാന്‍ അര ലക്ഷം രൂപ ആര്‍ടിഒയില്‍ അടയ്ക്കുകയും ചെയ്തിരുന്നു. കൂടാതെ, വന്‍ തുക റോഡ് ചുങ്കവുമടച്ചു. എന്നാല്‍ റജിസ്‌ട്രേഷന്‍ നടക്കാത്തതിനാല്‍ നമ്പരും പണവും നഷ്ടമായി.
ഡിജിഎഫ് ടി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ വാഹനം റജിസ്റ്റര്‍ ചെയ്യാമെന്നാണ് 2019 ല്‍ വന്ന മോട്ടോര്‍വാഹന നിയമ ഉത്തരവെന്നും അതുകൊണ്ട് ഈ സര്‍ടിഫിക്കറ്റ് തരാനാകില്ലെന്നുമായിരുന്നു ഇതു നല്‍കേണ്ട ഷോറൂം അധികൃതരുടെ മറുപടി. പക്ഷേ ഇതു അംഗീകരിക്കാന്‍ കണ്ണൂര്‍ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍(എഎംവി ഐ) തയാറായതുമില്ല.
പ്രശ്‌നപരിഹാരത്തിനായി ഹസീനയ്ക്ക് ഒട്ടേറെ തവണ നാട്ടിലേയ്ക്ക് യാത്ര ചെയ്യേണ്ടി വന്നു. കണ്ണൂരിലടക്കം കുറേയേറെ വാഹനങ്ങള്‍ നേരത്തെയും ഈ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്ലാതെ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രവാസി സംരംഭക ആയതിനാലാണ് തന്നെ ബുദ്ധിമുട്ടിക്കുന്നതെന്നും ഹസീന ആരോപിച്ചിരുന്നു.
വിഷയം ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ ശ്രദ്ധയില്‍പ്പെടുകയും ട്രാന്‍സ്‌പോര്‍ട് കമ്മിഷണര്‍ എസ്. ശ്രീജിത്, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ക്ക് പ്രശ്‌നപരിഹാരത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തു. മന്ത്രിയും ശ്രീജിത്തും ഹസീനയെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പും നല്‍കി.
ശനിയാഴ്ച ഉച്ചയോടെ വാഹനം റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ഹസീന അപേക്ഷിച്ചിരുന്ന കെഎല്‍ 13 എ എക്‌സ് 7778 എന്ന നമ്പര്‍ ലഭിച്ചു. പ്രശ്‌നപരിഹാരമുണ്ടാക്കി റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയതിന് ഹസീന മന്ത്രിക്കും ട്രാന്‍സ്‌പോര്‍ട് കമ്മിഷണര്‍ക്കും മറ്റു ഉദ്യോഗസ്ഥര്‍ക്കും നന്ദി പറഞ്ഞു.
0 Comments