NEWS UPDATE

6/recent/ticker-posts

ഹണിട്രാപ്പ് കേസിന്റെ കൂടുതല്‍ വിവരങ്ങള്‍; 'പഠനത്തിന് മാര്‍ഗമില്ല', 59 കാരനെ വിളിച്ചത് റുബീന; മംഗ്‌ളൂരുവിലെ ഹോട്ടലില്‍ കൊണ്ടുപോയി നഗ്‌നചിത്രം പകര്‍ത്തി

ഉദുമ: ഹണി ട്രാപ്പൊരുക്കി നഗ്നചിത്രം പകര്‍ത്തി 59-കാരനില്‍നിന്ന് അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പരാതിക്കാരനെ കെണിയില്‍ വീഴ്ത്തിയത് റൂബീന. ഉദുമ മാങ്ങാട് താമരക്കുഴി സ്വദേശിയാണ് ഹണിട്രാപ്പില്‍പ്പെട്ടത്.[www.malabarflash.com].

റുബീനയാണ് പരാതിക്കാരനെ മൊബൈല്‍ഫോണില്‍ വിളിച്ച് ആദ്യം പരിചയപ്പെടുന്നത്. പെരിയയിലെ വിദ്യാര്‍ഥിനിയാണെന്നും കൈവശമുള്ള കംപ്യൂട്ടര്‍ തകരാറിലായെന്നും പഠനത്തിന് മറ്റുമാര്‍ഗമില്ലാത്തതിനാല്‍ നന്നാക്കാന്‍ സഹായിക്കണമെന്നും താങ്കളുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെപ്പറ്റി ധാരാളം കേട്ടിട്ടുണ്ടെന്നും പറഞ്ഞായിരുന്നു തുടക്കം.

കാസര്‍കോട്ടെ ഒരു കംപ്യൂട്ടര്‍ റിപ്പയറിങ് സ്ഥാപനത്തില്‍ റുബീന പിന്നീട് പരാതിക്കാരനുമായെത്തി. കംപ്യൂട്ടര്‍ നന്നാക്കാനാകില്ലെന്ന് മറുപടി കിട്ടിയതോടെ മംഗളൂരുവില്‍ കുറഞ്ഞ വിലയ്ക്ക് കംപ്യൂട്ടര്‍ ഉണ്ടെന്നും പുതിയ ഒരെണ്ണം വാങ്ങിച്ചുതരണമെന്നും അഭ്യര്‍ഥിച്ചു. ഇതുപ്രകാരം 25-ന് ഇരുവരും മംഗളൂരുവിലേക്ക് പോയി. വിശ്രമിക്കണമെന്നു പറഞ്ഞ് റുബീന ഹോട്ടലില്‍ മുറിയെടുപ്പിച്ചു.

അവിടെവെച്ച് തന്നോടൊപ്പമുള്ള നഗ്നചിത്രമെടുത്ത് മറ്റുസംഘാംഗങ്ങളോടൊപ്പം നീലേശ്വരം പടന്നക്കാട്ടെ ഒരു വീട്ടിലെത്തിച്ച് സംഭവം നാട്ടുകാരോടും വീട്ടുകാരോടും പറയുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. 

തടഞ്ഞുവെച്ച് മര്‍ദിച്ചതോടെ 10,000 രൂപ ഗൂഗിള്‍ പേ വഴി നല്‍കി. 26-ന് 4.9 ലക്ഷം രൂപ പണമായും നല്‍കി. തുടര്‍ന്നും പണത്തിനായി ഭീഷണി തുടര്‍ന്നതോടെയാണ് വിവരം പോലീസിലെത്തിയത്. പണം നല്‍കാമെന്നേറ്റ പരാതിക്കാരന്‍ പോലീസിന്റെ നിര്‍ദേശപ്രകാരം സംഘത്തെ മേല്‍പ്പറമ്പില്‍ എത്തിച്ചു. കുറ്റിക്കാട്ടൂരിലെ എം.പി. റുബീനയും ഇവരുടെ ഭര്‍ത്താവ് കോഴിക്കോട് പെരുമണ്ണയിലെ പി. ഫൈസലും, കാസര്‍കോട് ഉളിയത്തടുക്ക ശിറിബാഗിലുവിലെ എന്‍. സിദിഖും, ഉദുമ മീത്തല്‍ മാങ്ങാട്ടെ എം. അഹമ്മദ് ദില്‍ഷാദും അവിടെവെച്ച് പോലീസിന്റെ പിടിയിലായി.

തുടര്‍ന്നുന്നുളള അന്വേഷണത്തിലാണ് ആലംപാടി മുട്ടത്തൊടി ബംബ്രാണി നഗറിലെ നഫീസത്ത് മിസ്രിയ (40), മാങ്ങാട് താമരക്കുഴിയിലെ അബ്ദുല്ലക്കുഞ്ഞി (32), പടന്നക്കാട് കരുവളത്തെ റഫീക്ക് മുഹമ്മദ് (42) എന്നിവരെ മേല്‍പ്പറമ്പ് സ്റ്റേഷന്റെ ചുമതലയുള്ള രാജപുരം ഇന്‍സ്പെക്ടര്‍ കെ. കൃഷ്ണന്‍ അറസ്റ്റുചെയ്തത്.

സംഘം പലസ്ഥങ്ങളിലും ഇത്തരം കെണിയൊരുക്കി മുന്‍പും പണം തട്ടിയതായി സൂചനകിട്ടിയതായി പോലീസ് പറഞ്ഞു. മേല്‍പ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ. അരുണ്‍ മോഹന്‍, എസ്.ഐ. എന്‍. സുരേഷ് കുമാര്‍, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ മിതേഷ് മണ്ണട്ട, ഹിതേഷ് രാമചന്ദ്രന്‍, പ്രദീപ് കുമാര്‍, രഞ്ജിത്ത്, കെ.വി. പ്രശാന്തിനി, സുജാത, ഡ്രൈവര്‍ രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കുടുക്കിയത്.

അതേ സമയം ഹണിട്രാപ്പ് സംഘത്തിലെ രണ്ട് യുവതികൾ ഉൾപെടെ ആറ് പേർ റിമാൻ്റിൽ. ഒരാൾക്ക് കോടതി ജാമ്യം അനുവദിച്ചു. ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻ്റ് ചെയ്തത്.
പടന്നക്കാട് കരുവളത്തെ റഫീക്ക് മുഹമ്മദി(42) നാണ് കോടതി ജാമും അനുവദിച്ചത്. റഫീഖിന് മാനസികമായി സുഖമില്ലെന്നത് പരിഗണിച്ചാണ് കോടതി ജാമ്യം നൽകിയത്. 
റിമാൻ്റിലുള്ള പ്രതികളെ കസ്റ്റഡിയിൽ ആവശ്യപെട്ട് കോടതിയെ സമീപിക്കുമെന്ന് അന്വേഷണ സംഘം  പറഞ്ഞു.

Post a Comment

0 Comments