NEWS UPDATE

6/recent/ticker-posts

ഉല്ലാസയാത്രക്കിടെ നവവരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു; വധു ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കി

ന്യൂഡൽഹി: നവദമ്പതികൾ മരിച്ച ദുരന്തവാർത്തയാണ് ഗാസിയാബാദിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 25കാരനായ അഭിഷേക് അഹ്ലുവാലിയാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഇദ്ദേഹത്തിന്‍റെ മരണം താങ്ങാനാവാതെ ഭാര്യ അഞ്ജലി ഫ്ലാറ്റിൽനിന്ന് താഴേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു.[www.malabarflash.com]


നവംബർ 30നായിരുന്നു ഇരുവരും വിവാഹിതരായത്. ഇന്നലെ ഇരുവരും പ്രദേശത്തെ മൃഗശാലയിലേക്ക് ഉല്ലാസ യാത്ര പോകാൻ തീരുമാനിക്കുകയും പുറപ്പെടുകയും ചെയ്തു. മൃഗശാലയിലെത്തി മിനിറ്റുകൾക്കകം അഭിഷേകിന് നെഞ്ചുവേദന അനുഭവപ്പെട്ടു. അഞ്ജലി ഉടൻ സുഹൃത്തുക്കളെ വിവരമറിയിച്ചു. യുവാവിനെ ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി സഫ്ദർജങ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പക്ഷേ ജീവൻ രക്ഷിക്കാനായില്ല.

ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. തുടർന്ന് മൃതദേഹം രാത്രി ഒമ്പതോടെ ഗാസിയാബാദിലെ വൈശാലിയിലുള്ള ദമ്പതികളുടെ ഫ്ലാറ്റിൽ എത്തിച്ചു. മൃതദേഹത്തിനരികിൽ ഇരുന്ന് കരയുകയായിരുന്ന അഞ്ജലി പെട്ടെന്ന് എഴുന്നേറ്റ് ബാൽക്കണിയിലേക്ക് ഓടുകയായിരുന്നെന്ന് അപ്പോൾ ഫ്ലാറ്റിലുണ്ടായിരുന്ന ബന്ധുക്കൾ പറഞ്ഞു. പിന്നാലെ ചെന്നപ്പോഴേക്കും യുവതി ഏഴാം നിലയിൽനിന്നും താഴേക്ക് ചാടിയിരുന്നു.

ഗുരുതര പരിക്കുകളോടെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ മരണം സംഭവിച്ചു. ഇരുവരുടെയും മരണത്തിന്‍റെ ഞെട്ടലിലാണ് സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം.

Post a Comment

0 Comments