ചേർത്തല: നിരന്തര പീഡനത്തെ തുടർന്ന് ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർതൃമാതാവ് കുറ്റക്കാരിയെന്ന് കണ്ടെത്തിയ കോടതി ഏഴു വർഷം കഠിന തടവിനു ശിക്ഷിച്ചു. ചേർത്തല നഗരസഭ 30 ാം വാർഡ് കുറ്റിപ്പുറത്തുചിറ കുഞ്ഞുമോന്റെയും നജ്മയുടെയും മകൾ തസ്നി, തണ്ണീർമുക്കം വാരണത്തെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഹമ്മ പോലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി. ചേർത്തല ഡിവൈഎസ്പി ആയിരുന്ന എ.ജി.ലാലാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.[www.malabarflash.com]
തണ്ണീർമുക്കം വാരണം പുത്തേഴത്ത് വെളിയിൽ ഷാജിയുടെ ഭാര്യ ഐഷാ ബീവിയെ കുറ്റക്കാരിയാണെന്നു കോടതി കണ്ടെത്തിയിരുന്നു. ചേർത്തല അസിസ്റ്റന്റ് സെഷൻസ് ജഡ്ജി ബവീനാ നാഥ് ആണ് വിധി പറഞ്ഞത്. ഏഴു വർഷം കഠിന തടവിനും 50,000 രൂപ പിഴയും വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടെ തടവു ശിക്ഷ അനുഭവിക്കണം. തസ്നിയുടെ ഭർത്താവിനെ കോടതി വെറുതെ വിട്ടിരുന്നു.
2018ൽ 22 വയസുള്ളപ്പോഴാണ് മൂന്ന് വയസുള്ള കുട്ടിയുടെ അമ്മയായ തസ്നി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തത്. അഞ്ച് വർഷം പിന്നിടുമ്പോഴാണ് കോടതി വിധി. പ്രോസിക്യൂഷന് വേണ്ടി, പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജി. രാധാകൃഷ്ണൻ ഹാജരായി.
0 Comments