കുന്നംകുളം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കടവല്ലൂർ കല്ലുംപുറത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃപിതാവിനെ കുന്നംകുളം പോലീസ് പിടികൂടി. കേസിലെ രണ്ടാം പ്രതി കല്ലുംപുറം പുത്തന്‍പീടികയില്‍ വീട്ടില്‍ അബൂബക്കറിനെയാണ് (62) കുന്നംകുളം അസി. പോലീസ് കമീഷണര്‍ പി. അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.[www.malabarflash.com]
അബൂബക്കറിന്റെ മകൻ സൈനുൽ ആബിദിന്റെ ഭാര്യ സെബീന (25) മരിച്ച സംഭവത്തിലാണ് അറസ്റ്റ്. കപ്പൂർ കൊഴിക്കര തിരുത്തുംപുലക്കൽ വീട്ടിൽ സലീം -ആബിദ ദമ്പതികളുടെ മകളാണ് മരിച്ച സെബീന. ഒക്ടോബർ 25ന് രാവിലെയാണ് കല്ലുംപുറത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവിന് പുറമെ സഹോദരൻ, ഭർതൃപിതാവ്, മാതാവ് എന്നിവർക്കെതിരെ സ്ത്രീധന പീഡനം, ശാരീരിക മാനസിക പീഡനം, ആത്മഹത്യ പ്രേരണ ഉൾപ്പെടെയുള്ള കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു. ഇതിനിടെ യുവതിയുടെ ഭർത്താവ് മലേഷ്യയിലേക്ക് കടന്നു.
സഹോദരൻ അബ്ബാസ്, ഭർതൃ പിതാവ് അബൂബക്കർ, ഭാര്യ ആമിനക്കുട്ടി എന്നിവർ മുൻകൂർ ജാമ്യത്തിനായി ഹൈകോടതിയിൽ സമീപിച്ചെങ്കിലും അബൂബക്കറിന്റെ അപേക്ഷ തള്ളി. ഇതോടെ ഇയാൾ ചെന്നൈയിലേക്ക് കടന്നു. കുന്നംകുളം പോലീസ് ഇയാളെ ചെന്നൈയിൽനിന്നാണ് പിടികൂടിയത്.
0 Comments