NEWS UPDATE

6/recent/ticker-posts

10 കോടി രൂപയുടെ ഇന്‍ഷുറന്‍സിനായി ഐസില്‍ കാൽ മുക്കി പരിക്കേൽപ്പിച്ച യുവാവിന്റെ കാലുകള്‍ മുറിച്ചുമാറ്റി

ഭീമന്‍ തുക ഇന്‍ഷുറന്‍സായി ലഭിക്കാന്‍ പത്ത് മണിക്കൂറോളം ഐസിനുള്ളില്‍ കാൽ മുക്കിവെച്ച് വിദ്യാർഥി. ഗുരുതരമായി പരിക്കേറ്റതിനെതുടർന്ന് വിദ്യാർഥിയുടെ കാൽ മുറിച്ചുമാറ്റി. 23 വയസ്സുകാരനായ തായ്‌വാന്‍ സ്വദേശിയായ ഷാങ് എന്ന കോളേജ് വിദ്യാര്‍ഥിയാണ് 1.3 മില്ല്യണ്‍ ഡോളറിന്റെ (ഏകദേശം 10.8 കോടി രൂപ) ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിന് വേണ്ടി ജീവന്‍ അപകടത്തിലാക്കുന്ന പ്രവര്‍ത്തി ചെയ്തത്.[www.malabarflash.com]

ഐസ് വെള്ളത്തില്‍ ശരീരം ഇറക്കിവെച്ച നിലയിലാണ് വിദ്യാര്‍ഥിയെ കണ്ടെത്തിയത്. കുറ്റകൃത്യത്തിന് കൂട്ടുനിന്ന ഷാങ്ങിന്റെ സുഹൃത്ത് ലിയാവോയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്. വഞ്ചന, ഷാങ്ങിനെ ഗുരുതരമായി പരിക്കേല്‍പ്പിക്കുന്നതിന് കൂട്ടുനിന്നു എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

ഏകദേശം പത്ത് മണിക്കൂറോളമാണ് വിദ്യാര്‍ഥി ഐസ് കട്ടയ്ക്കുള്ളില്‍ കാല്‍ മുക്കിവെച്ചത്. ഇത് കാലുകളില്‍ ഗുരുതരമായ പരിക്കേല്‍പ്പിച്ചു (ഫ്രോസ്റ്റ്‌ബൈറ്റ്). ഷാങ്ങിന്റെ സ്‌കൂള്‍ സുഹൃത്താണ് ലിയാവോ ആണ് ഈ കുറ്റകൃത്യം ചെയ്യാന്‍ കൂട്ടുനിന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. 

ക്രിപ്‌റ്റോകറന്‍സി വ്യാപാരത്തിലൂടെ ലിയാവോക്ക് വലിയ നഷ്ടം സംഭവിച്ചിരുന്നു. എട്ട് ലക്ഷം ഡോളര്‍ നല്‍കാനുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് നിയമപരമായ രേഖയില്‍ ഷാങ്ങിനെ ഒപ്പിടാന്‍ ലിയാവോ നിര്‍ബന്ധിച്ചതായും പോലീസ് പറഞ്ഞു. ഷാങ്ങിന്റെ പരിമിതികള്‍ മുതലെടുത്ത ലിയാവോ ഗുണ്ടാസംഘങ്ങള്‍ തന്നെ പിന്തുടരുന്നുണ്ടെന്നും വലിയ അപകടമാണ് കാത്തിരിക്കുന്നതെന്നും ഷാങ്ങിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

പരീക്ഷണാര്‍ത്ഥം 2023 ജനുവരി 26ന് രാത്രി തണുത്തകാലാവസ്ഥയിൽ ബൈക്കില്‍ ഇരുവരും തായ്‌വാൻ തലസ്ഥാനമായ തായ്‌പേയിലൂടെ യാത്ര ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഷാങ് ബക്കറ്റിനുള്ളില്‍ ഐസ് ഇട്ടുവെച്ച് പത്തുമണിക്കൂറോളം കാലിറക്കി വെച്ചത്. ആശുപത്രിയില്‍വെച്ച് ഷാങ്ങിന്റെ മുറിവുകളില്‍ നടത്തിയ പരിശോധനയ്ക്കിടെ ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നുകയായിരുന്നു. കൊടുതണുപ്പത്ത് ഷൂവും സോക്‌സും ധരിക്കാതെ യാത്ര ചെയ്യുമ്പോള്‍ ഉണ്ടാകുന്നത് പോലെയുള്ള വലിയ മുറിവുകളാണ് ഷാങ്ങിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്. തായ്‌വാനിലെ കാലാവസ്ഥയില്‍ ഇത്രയും ആഴമേറിയ മുറിവേല്‍ക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് അധികൃതര്‍ കണ്ടെത്തി.

ഗുരുതരമായ പരിക്കുകളെത്തുടര്‍ന്ന് ഷാങ്ങിന്റെ കാലുകള്‍ മുറിച്ചുമാറ്റിയെങ്കിലും പോലീസ് അന്വേഷണത്തിലാണ് ഷാങ്ങിന്റെയും സുഹൃത്തിന്റെയും തന്ത്രത്തിന്റെ ചുരുളഴിഞ്ഞത്. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ കൃത്യം നടത്താന്‍ ഉപയോഗിച്ച പ്ലാസ്റ്റിക് ബക്കറ്റ്, ഇന്‍ഷുറന്‍സ് രേഖകള്‍, എട്ട് ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവ കണ്ടെത്തുകയായിരുന്നു.

Post a Comment

0 Comments