മീററ്റ്: മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തില്‍ നാല് സഹോദരങ്ങള്‍ വെന്തുമരിച്ചു. കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മാതാപിതാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ശനിയാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. സരിക (12), നിഹാരിക (8), ഗോലു (6), കാലു (5) എന്നിവരാണ് മരിച്ചത്. കുട്ടികളുടെ അമ്മ ബബിത (35) ന്യൂഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ അത്യാസന്നവിഭാഗത്തില്‍ ചികിത്സയിലാണ്.[www.malabarflash.com]
കുട്ടികളുടെ അച്ഛന്‍ ജോണി (39) അപകടനില തരണംചെയ്തെങ്കിലും മാരകമായി പൊള്ളലേറ്റിട്ടുള്ളതായി പോലീസ് അറിയിച്ചു. മുറിയില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ കുത്തിയിട്ടിരുന്ന പ്ലക്ക്‌ബോര്‍ഡില്‍നിന്ന് ഷോര്‍ട്ട്‌സര്‍ക്യൂട്ട് ഉണ്ടാവുകയും ചാര്‍ജര്‍ പൊട്ടിത്തെറിക്കുകയുമായിരുന്നെന്നാണ് ജോണി പോലീസിന് നൽകിയ മൊഴി.
മീററ്റിലെ പല്ലവപുരം ഏരിയയിലെ ജനതാ കോളനിയിലാണ് ജോണിയും കുടുംബവും താമസിച്ചിരുന്നത്. അപകടസമയം ബബിതയും ജോണിയും അടുക്കളയില്‍ ഭക്ഷണം പാകംചെയ്യുകയായിരുന്നു. പെട്ടെന്നാണ് അകത്തെ മുറിയില്‍നിന്ന് പൊട്ടിത്തെറിയുടെ ശബ്ദം കേട്ടത്. ഇരുവരും ഓടി എത്തുമ്പോഴേക്കും മുറിയില്‍ മുഴുവന്‍ തീയും പുകയും നിറഞ്ഞിരുന്നു.
മുറിക്കകത്തേക്ക് കടക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനായി കട്ടിലിലാണ് വെച്ചിരുന്നത്. ബെഡിലേക്ക് പടര്‍ന്ന തീയില്‍നിന്ന് കുട്ടികള്‍ക്ക് വലിയരീതിയില്‍ പൊള്ളലേറ്റു. എല്ലാവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുകുട്ടികള്‍ വൈകാതെ മരിച്ചു. മറ്റുരണ്ട് കുട്ടികള്‍ ഞായറാഴ്ച രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന ബബിതയ്ക്ക് ശരീരത്തില്‍ 60 ശതമാനത്തോളം പൊള്ളലേറ്റിട്ടുള്ളതായും പോലീസ് പറഞ്ഞു.
0 Comments