വാഷിങ്ടൻ: യുഎസിലെ ഒറിഗോണിൽ 1980ൽ കോളജ് വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവത്തിൽ പിടിയിലായ അറുപതുകാരൻ കുറ്റക്കാരനെന്നു കണ്ടെത്തി കോടതി. റോബര്‍ട്ട് പ്ലിംപ്റ്റന്‍ എന്നയാളെ ച്യൂയിംഗത്തിലെ ഡിഎൻഎ സാംപിളിൽനിന്ന് ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. കോടതി വിധിക്കെതിരെ അപ്പീൽ നല്‍കുമെന്ന് പ്രതിയുടെ അഭിഭാഷകൻ വ്യക്തമാക്കി. കേസിന്റെ തുടർവാദം ജൂണിൽ നടക്കും. അതുവരെ റോബർട്ടിനെ പോലീസ് കസ്റ്റഡിയിൽ വിടും.[www.malabarflash.com]
1980 ജനുവരി 15നാണ് 19കാരിയായ ബാർബറ ടക്കറെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും മർദിച്ച് കൊലപ്പെടുത്തുകയും ചെയ്തത്. മൗണ്ട് ഹുഡ് കമ്യൂണിറ്റി കോളജിലെ വിദ്യാർഥിനിയായിരുന്ന ബാർബറയുടെ മൃതദേഹം പിറ്റേദിവസം സഹപാഠികളാണ് ആദ്യം കണ്ടത്. കേസിൽ വ്യക്തമായ തുമ്പ് ലഭിക്കാതെ അന്വേഷണം നീണ്ടുപോയി. ബാർബറയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തപ്പോൾ, സ്വകാര്യ ഭാഗത്തുനിന്ന് ശേഖരിച്ച സ്രവത്തിൽനിന്ന് 2000ൽ ഒറിഗോണിലെ ക്രൈം ലാബ് ഡിഎൻഎ പ്രൊഫൈൽ വികസിപ്പിച്ചു.
നിരവധിയാളുകളുമായി ഒത്തുനോക്കിയതിൽനിന്ന്, 2021ലാണ് റോബർട്ടിലേക്ക് അന്വേഷണം എത്തിയത്. റോബർട്ടിന്റെ താമസസ്ഥലം കണ്ടെത്തിയ പോലീസ്, ഇയാൾ ചവച്ച ച്യൂയിംഗം ക്രൈം ലാബിൽ എത്തിച്ചു. ഉമിനീരിലെ ഡിഎൻഎ 2000ത്തിൽ വികസിപ്പിച്ച ഡിഎൻഎയുമായി ഒത്തുനോക്കി. ഡിഎൻഎ പ്രൊഫൈലിൽ സാമ്യത കണ്ടെത്തിയതോടെ 2021 ജൂൺ എട്ടിന് റോബർട്ടിനെ കസ്റ്റഡിയിലെടുത്തു. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
0 Comments