NEWS UPDATE

6/recent/ticker-posts

ലോക്സഭാ തിരഞ്ഞെടുപ്പ് 7 ഘട്ടങ്ങളിലായി; വോട്ടെടുപ്പ് ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ; വോട്ടെണ്ണൽ ജൂൺ 4ന്

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായി നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ആദ്യഘട്ടം ഏപ്രിൽ 19നാണ്. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 26നാണ് കേരളം വിധിയെഴുതുന്നത്. മൂന്നാം ഘട്ടം: മേയ് 7, നാലാംഘട്ടം: മേയ് 13, അഞ്ചാംഘട്ടം: മേയ് 20, ആറാംഘട്ടം: മേയ് 25, ഏഴാംഘട്ടം: ജൂൺ ഒന്ന്, ജൂൺ നാലിന് ഫലം പ്രഖ്യാപിക്കും.[www.malabarflash.com]


കേരളം ഉൾപ്പെടെ 22 സംസ്ഥാനങ്ങളിൽ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. ഉത്തർപ്രദേശ്, ബിഹാർ, ബംഗാൾ എന്നിവടങ്ങളിൽ ഏഴു ഘട്ടത്തിലും വോട്ടെടുപ്പുണ്ട്. 543 ലോക്സഭാ മണ്ഡലങ്ങളിലാണു തിരഞ്ഞെടുപ്പ് നടക്കുന്നത്.

ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചൽപ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു തീയതികളും പ്രഖ്യാപിച്ചു. അരുണാചൽ പ്രദേശിലെയും സിക്കിമിലെയും നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 19നും ആന്ധ്രപ്രദേശിൽ മേയ് 13നും നടക്കും. ഒഡീഷ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് മേയ് 13, മേയ് 20, മേയ് 25, ജൂൺ 1 എന്നീ തീയതികളിൽ നാല് ഘട്ടങ്ങളിലായി നടക്കും. ജൂൺ 4ന് ഫലം പ്രഖ്യാപിക്കും. 

ഇതോടൊപ്പം വിവിധ സംസ്ഥാനങ്ങളിലായി 26 നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പും നടക്കും. എന്നാൽ ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തില്ല. ഡൽഹി വിജ്ഞാൻ ഭവനിൻ നടന്ന വാർത്താസമ്മളനത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറാണ് തീയതികൾ പ്രഖ്യാപിച്ചത്. കമ്മിഷണർമാരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു എന്നിവരും പങ്കെടുത്തു.

രാജ്യത്തിന് യഥാർഥ ഉത്സവവും ജനാധിപത്യവുമായ അന്തരീക്ഷം നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ പറഞ്ഞു. ആകെ 96.8 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 49.7 കോടി പുരുഷന്മാരും 47.1 കോടി സ്ത്രീകളും 48,000 ട്രാൻസ്‌ജെൻഡറുകളും ഉൾപ്പെടുന്നു. 1.8 കോടി കന്നി വോട്ടർമാരും 20-29 വയസ്സിനിടയിലുള്ള 19.47 കോടി വോട്ടർമാരും ഉണ്ട്.

12 സംസ്ഥാനങ്ങളിൽ പുരുഷ വോട്ടർമാരേക്കാൾ സ്ത്രീ വോട്ടർമാരാണ് കൂടുതൽ. 85 വയസ്സിനു മുകളിൽ പ്രായമുള്ള 82 ലക്ഷം വോട്ടർമാരും നൂറു വയസ്സിനു മുകളിലുള്ള 2.18 ലക്ഷം വോട്ടർമാരുമുണ്ട്. 10.5 ലക്ഷം പോളിങ് സ്റ്റേഷനുകളും 1.5 കോടി പോളിങ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും 55 ലക്ഷം ഇവിഎമ്മുകളും 4 ലക്ഷം വാഹനങ്ങളുമുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു. 85 വയസ്സിന് മുകളിലുള്ളവർക്കും ഭിന്നശേഷിക്കാരായ വോട്ടർമാർക്കും വീട്ടിലിരുന്ന് വോട്ടു ചെയ്യാനുള്ള സൗകര്യമൊരുക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു.

നിലവിലെ ലോക്സഭയുടെ കാലാവധി ജൂൺ 16ന് അവസാനിക്കും. അതിനുമുൻപ് പുതിയ സർക്കാർ ചുമതലയേൽക്കണം. 2019 ൽ മാർച്ച് പത്തിനാണു തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്നത്. ഏപ്രിൽ 11 മുതൽ മേയ് 19 വരെ 7 ഘട്ടങ്ങളായിട്ടായിരുന്നു വോട്ടെടുപ്പ്. മേയ് 23നു ഫലം പ്രഖ്യാപിച്ചു. മൂന്നാം ഘട്ടമായ ഏപ്രിൽ 23നായിരുന്നു കേരളത്തിലെ വോട്ടെടുപ്പ്.

2019ൽ, ആകെയുള്ള 543 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 303 സീറ്റുകളും നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായാണ് ബിജെപി അധികാരത്തിലേറിയത്. 272 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കോൺഗ്രസിന് നേടാനായത് 52 സീറ്റുകൾ മാത്രം. ഇത്തവണ 400 സീറ്റിലധികം നേടുമെന്ന പ്രഖ്യാപനത്തോടെയാണ് എൻഡിഎ തിരഞ്ഞെടുപ്പ് പോരിനിറങ്ങിയിരിക്കുന്നത്. പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’ പരമാവധി സീറ്റുകൾ നേടി ബിജെപിയുടെ പടയോട്ടം അവസാനിപ്പിക്കുമെന്ന് അവകാശപ്പെടുന്നു.

Post a Comment

0 Comments