NEWS UPDATE

6/recent/ticker-posts

പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു; ചട്ടങ്ങളിൽ ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു. ചട്ടങ്ങളിൽ ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പൗരത്വ ഭേദഗതി നിയമത്തിൻ്റെ ചട്ടങ്ങൾ ഉൾക്കൊള്ളുന്ന വിജ്ഞാപനം പുറത്തിറക്കിയത്. പൗരത്വ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. ഇതിനായി പോർട്ടൽ സജ്ജമെന്ന് കേന്ദ്ര അഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ പ്രതിഷേധ സാഹചര്യം കൂടികണക്കിലെടുത്താണ് പൗരത്വ നടപടികൾ ഓൺലൈനാക്കിയത്.[www.malabarflash.com]


പൗരത്വ ഭേദഗതി നിയമത്തിൻ്റെ പരിധിയിൽ വരുന്ന അപേക്ഷകൾ പരിഗണിക്കാൻ എംപവർഡ് സമിതികൾ രൂപീകരിക്കും. ജില്ലാതലത്തിലുള്ള സമിതികൾ മുഖേന ആണ് അപേക്ഷ നൽകേണ്ടത്. അപേക്ഷകൻ നൽകുന്ന രേഖകൾ പരിശോധിക്കാൻ ജില്ലാ തലത്തിൽ ഉദ്യോഗസ്ഥൻ ഉണ്ടാകും. പൗരത്വം നൽകുന്നവർക്ക് ഡിജിറ്റൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നൽകും. ഇന്ത്യൻ വംശജർ, ഇന്ത്യൻ പൗരനെ വിവാഹം ചെയ്തവർ, ഇന്ത്യൻ പൗരന്റെ പ്രായപൂർത്തിയാകാത്ത മക്കൾ, അച്ഛനമ്മമാരിൽ ആരെങ്കിലും ഒരാൾ ഇന്ത്യൻ പൗരൻ ആണെങ്കിൽ തുടങ്ങിയവർക്ക് ഇന്ത്യൻ പൗരത്വത്തിനു അപേക്ഷിക്കാം. 39 പേജുള്ള ചട്ടങ്ങൾ ആണ് വിജ്ഞാപനം ചെയ്തത്. അപേക്ഷയുടെ മാതൃക, സത്യവാചകത്തിന്റെ മാതൃക എന്നിവയും ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പൗരത്വ (ഭേദഗതി) ചട്ടങ്ങൾ, 2024 എന്ന് വിളിക്കപ്പെടുന്ന ഈ നിയമങ്ങൾ, CAA-2019 പ്രകാരം യോഗ്യരായ വ്യക്തികളെ ഇന്ത്യൻ പൗരത്വം അനുവദിക്കുന്നതിന് അപേക്ഷിക്കാൻ പ്രാപ്തരാക്കുമെന്നും അപേക്ഷകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനായാണ് സമര്‍പ്പിക്കണം, അതിനായി വെബ്‌പോര്‍ട്ടല്‍ തയ്യാറാക്കിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വക്താവ് എക്സിലൂടെ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചിട്ടുണ്ട്.പൗരത്വത്തിനുള്ള അപേക്ഷകൾ ഉടൻ സ്വീകരിച്ചു തുടങ്ങും. 

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിയമം നടപ്പിലാക്കുമെന്ന് നേരത്തെ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ സൂചിപ്പിച്ചിരുന്നു. 2019ലാണ് പൗരത്വഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കിയത്. നേരത്തെ പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.

ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31നോ അതിനുമുമ്പോ ഇന്ത്യയിലെത്തിയ ഹിന്ദുക്കള്‍, ജൈനന്മാര്‍, ക്രിസ്ത്യാനികള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, പാര്‍സികള്‍ എന്നിവര്‍ക്ക് പൗരത്വം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് പൗരത്വ ഭേദഗതി നിയമം. ഇതില്‍ മുസ്ലിം വിഭാഗങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല. അവസാന ഒരു വര്‍ഷമോ കഴിഞ്ഞ 14 വര്‍ഷത്തിനിടയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷമോ ഇന്ത്യയില്‍ താമസിച്ചിരുന്ന കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനാണ് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്. നേരത്തെ കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള കാലയളവ് 11 വര്‍ഷമായിരുന്നു. 

അസം, മേഘാലയ, മിസോറാം, ത്രിപുര എന്നിവിടങ്ങളിലെ ആദിവാസി മേഖലകളെ നിയമത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അസമിലെ കര്‍ബി ആംഗ്ലോങ്, മേഘാലയയിലെ ഗാരോ ഹില്‍സ്, മിസോറാമിലെ ചക്മ ജില്ല, ത്രിപുരയിലെ ആദിവാസി മേഖലകള്‍ എന്നിവയുള്‍പ്പെടെ ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളെയാണ് നിയമത്തില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്.

Post a Comment

0 Comments