NEWS UPDATE

6/recent/ticker-posts

പൗരത്വ നിയമത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുമ്പോള്‍ കോണ്‍ഗ്രസ് മൗനം പാലിക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍

കോഴിക്കോട്: പൗരത്വ നിയമത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാനുള്ള നീക്കം നടക്കുമ്പോള്‍ കോണ്‍ഗ്രസ് മൗനം പാലിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ത്യയെ ഒരു മതാധിഷ്ഠിത രാഷ്ട്രമാക്കി മാറ്റാനുള്ള നടപടിയുടെ ഭാഗമാണ് സി എ എ എന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് പൗരത്വ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.[www.malabarflash.com]


നേരത്തേയുള്ള അജണ്ടയുടെ ഭാഗമാണ് കേന്ദ്ര നടപടി. ഭരണഘടന രാജ്യത്തിന് ചേരുന്നതല്ലെന്ന് അന്ന് പറഞ്ഞ കൂട്ടര്‍ ആര്‍ എസ് എസ് ആയിരുന്നുവെന്നും മനുസ്മൃതിയാണ് രാജ്യത്ത് വേണ്ടതെന്ന് വാദിച്ചവരാണ് അവരെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത് ഭരണഘടനയുടെ അടിത്തറ തോണ്ടുന്ന ഒന്നാണ് .അതിനോട് യോജിക്കാനാവില്ല. ഇതൊന്നും കേരളത്തില്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള നിയമ സഭയാണ് ആദ്യമായി ഇതൊന്നും നടപ്പിലാക്കി ല്ലെന്ന് തീരുമാനിച്ചത്. സുപ്രീംകോടതിയെ സമീപിച്ചതും കേരളമാണ്. ആശങ്കയിലും ഭയത്തിലുമാണ് രാജ്യത്തെ അനേകം കോടി ജനത. നിങ്ങളൊറ്റക്കല്ല ഞങ്ങള്‍ കൂടെയുണ്ട് എന്ന സന്ദേശ മാണ് നമ്മള്‍ നല്‍കേണ്ടത്.

ഇതിനൊക്കെ എതിരായി നിലപാടെടുക്കാന്‍ തീരുമാനിച്ചവര്‍ പിന്നീട് മാറി. കോണ്‍ഗ്രസ് പാര്‍ട്ടി ആത്മാര്‍ഥമായ നിലപാട് സ്വീകരിച്ചില്ല. നിയമസഭ പ്രമേയത്തെ കോണ്‍ഗ്രസിന്‍ പ്രധാന നേതാവ് പരിഹസിച്ചു.കേരളം പ്രമേയം പാസാക്കിയത് കൊണ്ട് കേന്ദ്രനിയമം ഇല്ലാതാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഉപ്പ് കുറുക്കി സാമാജ്യത്വത്തെ അവസാനിപ്പി ക്കുന്നതിലേക്ക് നയിച്ച കോഴിക്കോട് ആണിത്. ഒന്നിച്ച് നിന്നവര്‍ പിന്മാറിയതിന് അഖിലേന്ത്യ നേതൃത്വത്തിന്റെയടക്കം പിന്തുണ ഉണ്ടെന്നാണ് മനസിലാക്കേണ്ടത്.

ഡിസംബര്‍ രണ്ടിന് രാജ്യത്ത് പ്രക്ഷോഭം നടക്കുമ്പോള്‍ പാര്‍ട്ടി അധ്യക്ഷയുടെ വീട്ടില്‍ വിരുന്നിലായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍. ലോക്‌സഭയില്‍ എ എം ആരിഫിന്റെ ശബ്ദം മാത്രമാണ് അന്ന് പൗരത്വ ഭേദഗതിക്കെതിരെ ഉയര്‍ന്നത്. മറ്റുള്ളവര്‍ മൂലയില്‍ പോയി ഒളിക്കുകയായിരുന്നു. രാജ്യസഭയില്‍ എളമരം, ബിനോയ് വിശ്വം, കെ കെ രാഗേഷ് എന്നിവര്‍ എതിര്‍ത്തപ്പോള്‍ കോണ്‍ഗ്രസിന്റെ ശബ്ദം ഉയര്‍ന്നില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കലാപത്തിനിരയായവര്‍ക്ക് വേണ്ടി പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തിയതും ഇടത്പക്ഷ നേതാക്കള്‍ മാത്രമാണ്. ജാമിയ മിലിയയില്‍ ക്രൂരമായ വിദ്യാര്‍ത്ഥി വേട്ട, ഷഹീന്‍ബാഗിലെ കലാപം അവിടെയും ഇടത് നേതാക്കള്‍ ഓടിയെത്തി. കുറ്റകരമായ മൗനമാണ് ഇവിടെയെല്ലാം കോണ്‍ഗ്രസ് സ്വീകരിച്ചത്. പൗരത്യ ഭേദഗതി നിയമത്തി നെതിരെ പോരാടിയവരെ അറസ്റ്റ് ചെയ്തപ്പോഴും കുറ്റപത്രം തയ്യാറാക്കിയപ്പോഴും ഒറ്റ കോണ്‍ഗ്രസു കാരനും അതിലില്ല. ഒരു വിഭാഗം ജനങ്ങളെ രാജ്യത്ത് നിന്നും ആട്ടിയോടിക്കുന്ന അവസ്ഥ. ആ അവസ്ഥയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നിലപാടോ പ്രതികരണമോ ഇതുവരെ എടുത്തില്ല.

ഭാരത് ജോടോന്യായ് യാത്രയില്‍ ഇതിനെക്കുറിച്ചൊരു പ്രതികരണമില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. ഉള്ളു പൊള്ളി ഉല്‍ക്കണ്ഠയോടെ ഇരിക്കുന്ന ജനത ഇവിടെ ഉണ്ട് എന്നത് മറക്കരുത്. കോണ്‍ഗ്രസിന്റെ ഒളിച്ചുകളി സംഘപരിവാറിന് ഗുണകരമാവുകയാണ്.ഇടത് മുന്നണിക്കും സര്‍ക്കാരിനും ഒളിച്ച് കളിയില്ല.നേരത്തെ എടുത്ത നിലപാടില്‍ ഉറച്ച് നില്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

0 Comments