NEWS UPDATE

6/recent/ticker-posts

പൈവളിഗെ പഞ്ചായത്തിൽ ബി.ജെ.പി അവിശ്വാസത്തിന് കോണ്‍ഗ്രസ് അംഗത്തിന്‍റെ പിന്തുണ; എൽ.ഡി.എഫിനെ പിന്തുണച്ച് മുസ്‌ലിം ലീഗും

കാസർകോട്: പൈവളിഗെ പഞ്ചായത്ത് ഭരണം മുസ്‌ലിംലീഗ് അംഗങ്ങളുടെ പിന്തുണയോടെ നിലനിർത്തി എൽ.ഡി.എഫ്. എൽ.ഡി.എഫിനെതിരെ ബി.ജെ.പി കൊണ്ടുവന്ന അവിശ്വാസപ്രമേയം 9നെതിരെ 10 വോട്ടിന് പരാജയപ്പെട്ടു. രണ്ട് മുസ്‌ലിംലീഗ് അംഗങ്ങളുടെ പിന്തുണയോടെയാണ് എൽ.ഡി.എഫ് പഞ്ചായത്ത്‌ ഭരണം നിലനിർത്തിയത്. അതേസമയം, ഏക കോൺഗ്രസ് അംഗം അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു.[www.malabarflash.com]


ആകെ 19 അംഗങ്ങളുള്ള പഞ്ചായത്തിൽ എൽ.ഡി.എഫിനും ബി.ജെ.പിക്കും എട്ട്​ അംഗങ്ങൾ വീതമാണുള്ളത്. മുസ്‌ലിം ലീഗിന് രണ്ടും കോൺഗ്രസിന് ഒന്നും. കോൺഗ്രസ്‌ അംഗം അവിശ്വാസപ്രമേയത്തെ പിന്തുണക്കുകയായിരുന്നു.

നേരത്തേ എൽ.ഡി.എഫിനും ബി.ജെ.പിക്കും തുല്യ അംഗങ്ങളായതിനാൽ നറുക്കെടുപ്പിലൂടെയാണ് സി.പി.എം അംഗം ജയന്തി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ബി.ജെ.പിയുടെ പുഷ്പലക്ഷ്മിയാണ് വൈസ് പ്രസിഡന്റ്. പഞ്ചായത്തിൽ ആറ് സീറ്റാണ് സി.പി.എമ്മിനുള്ളത്. ഒരു സ്വതന്ത്ര അംഗവും സി.പി.ഐ അംഗവും ചേര്‍ന്നാണ് എൽ.ഡി.എഫിന് എട്ട് സീറ്റുള്ളത്.

എട്ടു സീറ്റുള്ള ബി.ജെ.പിയാണ് പഞ്ചായത്തിലെ വലിയ ഒറ്റക്കക്ഷി. യു.ഡി.എഫിന് ആകെയുള്ള മൂന്ന് സീറ്റിൽ ഒന്ന് കോൺഗ്രസിനും രണ്ടെണ്ണം മുസ്‍ലിം ലീഗിനുമാണ്. മുസ്‍ലിം ലീഗ് അംഗങ്ങളായ സിയ സുനീസയും സുൽഫിക്കര്‍ അലിയുമാണ് അവിശ്വാസപ്രമേയത്തിൽ ഇടതുപക്ഷത്തിനൊപ്പം നിലകൊണ്ടത്. എന്നാൽ, ഏക കോൺഗ്രസ് അംഗം ബി.ജെ.പിക്ക് വോട്ടുചെയ്തത് വലിയ വിമ‍ര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

കഴിഞ്ഞദിവസം ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കാസ‍ര്‍കോട് മണ്ഡലം കോൺഗ്രസ് സ്ഥാനാ‍ര്‍ഥി രാജ്മോഹൻ ഉണ്ണിത്താനുവേണ്ടി പ്രചാരണത്തിന് എത്തിയ ശേഷമാണ് തിങ്കളാഴ്ച ഇദ്ദേഹം ബി.ജെ.പിക്ക് വോട്ട് ചെയ്തതെന്നാണ് സി.പി.എം കേന്ദ്രങ്ങളുടെ വിമർശനം.

Post a Comment

0 Comments