ഉദുമ: കണ്ണികുളങ്ങര വലിയവീട് തറവാട് വയനാട്ടുകുലവൻ തെയ്യംകെട്ടിന് കലവറ നിറയ്‌ക്കലോടെ സമാരംഭം കുറിച്ചു. വ്യാഴാഴ്ച്ച രാവിലെ തറവാട്ടിൽ നിന്നുള്ള കന്നിക്കലവറയാണ് ആദ്യം സമർപ്പിച്ചത്.[www.malabarflash.com]
തുടർന്ന് തറവാട് നിലകൊള്ളുന്ന ഒന്നാം കിഴക്കേക്കര പ്രദേശത്തുനിന്നുള്ള കലവറനിറയ്‌ക്കൽ ഘോഷയാത്ര വാദ്യമേള ഘോഷങ്ങളോടെ തറവാട്ടിലെത്തി. തുടർന്ന് വിവിധ പ്രദേശിക സമിതികളിൽ നിന്നും പ്രദേശങ്ങളിൽ നിന്നും പച്ചക്കറികൾ, ധാന്യങ്ങൽ, നാളികേരം തുടങ്ങി ഭക്ഷണമൊരുക്കാനുള്ള വിഭവങ്ങൾ അതിനായി അനുഷ്ഠാനപരമായി കെട്ടിയുണ്ടാക്കിയ കലവറയിൽ നിറച്ചു.മാതൃസമിതിയും നാട്ടുകാരും ചേർന്ന് വിളയിച്ചെടുത്ത പച്ചക്കറിക്ക് പുറമെയാണിത്. ഉത്സവനാളുകളിൽ തറവാട്ടിലെത്തുന്നവർക്കെല്ലാം വിഭവസമൃദ്ധമായ സദ്യ വിളമ്പണമെന്നത് ഉത്സവ ചടങ്ങിന്റെ ഭാഗമാണ്. അതിനായി വിശാലമായ അടുക്കളയും ഭക്ഷണശാലയുമാണിവിടെ ഒരുക്കിയിട്ടുള്ളത്.രാത്രി ധർമദൈവങ്ങളുടെ തെയ്യം കൂടൽ നടന്നു.
വെള്ളിയാഴ്ച്ച രാവിലെ മുതൽ തറവാടു ധർമദൈവങ്ങളായ പൊട്ടൻതെയ്യം, പന്നിക്കുളത്ത് ചാമുണ്ഡി, കുറത്തിയമ്മ, വിഷ്ണുമൂർത്തി, പടിഞ്ഞാറ്റ ചാമുണ്ഡി, ഗുളികൾ തെയ്യങ്ങൾ അരങ്ങിലെത്തി അനുഗ്രഹം ചൊരിയും . രാത്രി മറക്കളത്തിൽ ദീപം തെളിയും. തുടർന്ന് ആചാരസ്ഥാനികർ കോലധാരികളുടെ പേരുകൾ ചടങ്ങിന്റെ ഭാഗമായി പ്രഖ്യാപിക്കും.
ശനിയാഴ്ചത്തെ വൈകുന്നേരം 5ന് കാർന്നോൻ, 7ന് കോരച്ചൻ തെയ്യങ്ങളുടെ വെള്ളാട്ടം. 9ന് കണ്ടനാർ കേളന്റെ വെള്ളാട്ടത്തിന് ശേഷം നടക്കുന്ന ബപ്പിടൽ ചടങ്ങ് കാണാനായി പതിനായിരങ്ങൾ മറക്കളത്തിന് ചുറ്റും ഇടം പിടിക്കും.
തിരക്ക് നിയന്ത്രിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. വിഷ്ണുമൂർത്തി തെയ്യത്തിന്റെ തിടങ്ങലിന് ശേഷം വയനാട്ടുകുലവൻ തെയ്യത്തിന്റെ വെള്ളാട്ടവും തുടർന്ന് അന്നദാനവും ഉണ്ടാകും. 31നാണ് ചൂട്ടൊപ്പിക്കൽ ചടങ്ങ്.
0 Comments