കാസര്‍കോട്: ചൂരിയിലെ മദ്റസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി (27)യെ പള്ളിയിൽ കയറി വെട്ടിക്കൊന്ന കേസിൽ പ്രതികളായ മൂന്ന് ആർ.എസ്.എസുകാരെയും കോടതി വെറുതെ വിട്ടു. പ്രതികളും ആർ.എസ്.എസ് പ്രവർത്തകരുമായ കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ്, നിതിന്‍, അഖിലേഷ് എന്നിവരെയാണ് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ. ബാലകൃഷ്ണൻ വെറുതെ വിട്ടത്.[www.malabarflash.com]
2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് റിയാസ് മൗലവിയെ കാസർകോട് പഴയ ചൂരി പള്ളിയിലെ താമസസ്ഥലത്ത് കയറി ആർ.എസ്.എസ് സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന് മൂന്നുദിവസത്തിനകം പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് പ്രതികള്‍ ജയിലില്‍ തന്നെയാണ് കഴിയുന്നത്.
കേസിൽ വിധി പറയുന്നത് മൂന്ന് തവണ മാറ്റിയിരുന്നു. ഈ വർഷം ഫെബ്രുവരി 29നായിരുന്നു ആദ്യം വിധി പറയാനിരുന്നത്. പിന്നീട് മാർച്ച് ഏഴ്, മാർച്ച് 20 തീയതികളിലേക്ക് മാറ്റി. ഏറ്റവും ഒടുവിൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. മൗലവി കൊല്ലപ്പെട്ട് 90 ദിവസം പിന്നിടുന്നതിന് മുമ്പ് കുറ്റപത്രം സമർപ്പിച്ചിരുന്നു. 2019ൽ കേസിന്റെ വിചാരണ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ ആരംഭിച്ചു. ജഡ്ജിമാരുടെ സ്ഥലം മാറ്റവും കോവിഡും കാരണം പലതവണ മാറ്റിവെച്ച കേസ് ഇതുവരെ ഏഴ് ജഡ്ജിമാരാണ് പരിഗണിച്ചത്.
ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസിൽ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഡി.എന്‍.എ പരിശോധന ഫലമടക്കം 50ലേറെ രേഖകള്‍ പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. 97 സാക്ഷികളെ കോടതി വിസ്തരിച്ചു. 215 രേഖകളും 45 തൊണ്ടിമുതലുകളുമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
0 Comments