കാസറകോട്: ചിത്താരി മുക്കൂട് സ്വദേശിയും പ്രവാസിയുമായിരുന്ന ഷാഹുല്‍ ഹമീദ് (32) തലക്കടിയേറ്റ് കൊല്ലപ്പെട്ട കേസിലെ മുഴുവന്‍ പ്രതികളെയും കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു. ഉദുമ സ്വദേശികളായ മുഹമ്മദ് റഈസ്, മുഹമ്മദ് ഇര്‍ശാദ്, സി എച്ച് ശാഹിദ്, കെ ശിഹാബ്, സര്‍ഫ്രാസ്, മുഹമ്മദ് ആശിഫ്, പി മുഹമ്മദ് ശബീര്‍, ഫാറൂഫ് എന്നിവരെയാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്) വെറുതെവിട്ടത്.[www.malabarflash.com]
2015 മെയ് 12ന് സഹോദരന്‍ ബാദുശയോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ഉദുമ പാലക്കുന്ന് കരിപ്പോടിക്കടുത്ത് വെച്ച് ബൈക്ക് തടഞ്ഞു നിര്‍ത്തി ഒരു സംഘം ഷാഹുല്‍ ഹമീദിനെ അക്രമിക്കുകയായിരുന്നുവെന്നാണ് കേസ്. ഗുരുതരമായി പരുക്കേറ്റ ഷാഹുല്‍ ഹമീദ് പിറ്റേന്ന് രാവിലെ ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നു. ഹൊസ്ദുര്‍ഗ് സിഐയായിരുന്ന യു പ്രേമനും ബേക്കല്‍ എസ്ഐ പി നാരായണനുമാണ് കേസന്വേഷണം നടത്തി യുവാക്കളെ അറസ്റ്റു ചെയ്തിരുന്നത്.
കേസിലെ അഞ്ചാം പ്രതിയായ സര്‍ഫ്രാസിനെയും പ്രതികളുടെ സുഹൃത്തായ സിദ്ദീഖ് എന്നയാളെയും മുമ്പ് സിപിഎമ്മുകാര്‍ അക്രമിച്ചതിലുള്ള വിരോധം കാരണം സിപിഎം പ്രവര്‍ത്തകനായ ആരെയെങ്കിലും കൊല്ലണമെന്നുള്ള ഉദ്ദേശത്തോടെ മുസ്ലിം ലീഗ് പ്രവര്‍ത്തകരായ എട്ട് പ്രതികള്‍ മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് കാത്തുനില്‍ക്കുന്നതിനിടെ 2015 മെയ് 12ന് പുലര്‍ച്ചെ 1.15 മണിയോടെ അതുവഴി ബൈക്കില്‍ വരികയായിരുന്ന ഷാഹുല്‍ ഹമീദിനെയും ബാദുശയേയും അക്രമിക്കുകയായിരുന്നുവെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.
കേസില്‍ പ്രോസിക്യൂഷന്‍ 33 സാക്ഷികളെയാണ് വിസ്തരിച്ചിരുന്നത്. 72 രേഖകളും, 17 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു. പ്രതികള്‍ക്ക് വേണ്ടി അഡ്വ. സി കെ ശ്രീധരന്‍, അഡ്വ. കെ പി പ്രദീപ്കുമാര്‍ എന്നിവര്‍ ഹാജരായി.
0 Comments