NEWS UPDATE

6/recent/ticker-posts

മുല്ലച്ചേരി സുഭാഷ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് നേതൃത്വത്തില്‍ സ്വീകരണവും അനുമോദനവും

ഉദുമ: 22 വര്‍ഷത്തെ രാജ്യസേവനത്തിന് ശേഷം ഇന്ത്യന്‍ ആര്‍മിയില്‍ ഇഎംഇ നിന്നും ഫെബ്രുവരി 29ന് വിരമിച്ച് നാട്ടിലെത്തിയ സുബേദാര്‍ ഗിരീഷ് കുമാറിനും ഇതേ ദിവസം ഉദുമ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും ബ്രാഞ്ച് മാനേജര്‍ ആയി സര്‍വീസില്‍ നിന്നും വിരമിച്ച ക്ലബ്ബ് സ്ഥാപക അംഗവും ഇപ്പോഴത്തെ ക്ലബ്ബ് പ്രസിഡന്റും ആയ എം പുരുഷോത്തമന്‍ നായര്‍ക്കും മുല്ലച്ചേരി സുഭാഷ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് സ്വീകരണവും അനുമോദനവും നല്‍കി.[www.malabarflash.com]

ഞായറാഴ്ച്ച രാവിലെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഗിരീഷ് കുമാറിനെ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച് ഉദുമ റെയില്‍വേ ഗേറ്റ് പരിസരത്ത് നിന്നും തുറന്ന വാഹനത്തില്‍ അനേകം വാഹനങ്ങളുടെ അകമ്പടിയില്‍ ക്ലബ്ബ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് മുല്ലച്ചേരിയിലെ ക്ലബ്ബിലേക്ക് എത്തിക്കുകയായിരുന്നു.

സുഭാഷ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ ക്യാപ്റ്റനായി കളിച്ചു കൊണ്ടിരിക്കെ ആണ് ഗിരീഷ് കുമാറിന് കളിയുടെ മികവിലൂടെ സ്‌പോര്‍ട്‌സ് കോട്ടയില്‍ ഇന്ത്യന്‍ ആര്‍മിയിലെ ഇലക്ടോണിക്ക് മെക്കാനിക്കല്‍ എഞ്ചിനീയര്‍ കബഡി ടീം ഭോപ്പാലില്‍ 2002ല്‍ സെലക്ഷന്‍ കിട്ടിയത്. ഇഎംഇഭോപ്പാല്‍ ടീമിലുടെ നിരവധി മെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. 

2004ല്‍ ആദ്യമായി സീനിയര്‍ നാഷണലില്‍ സര്‍വ്വീസസിന് വേണ്ടി ജേഴ്സ്സി അണിഞ്ഞതോടപ്പം തുടര്‍ച്ചയായി ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് മെഡലുകളും നേടി. ഇങ്ങനെ സര്‍വ്വീസസീന് വേണ്ടി ഏഴ് തവണ സീനിയര്‍ നാഷണല്‍ കളിച്ചിട്ടുണ്ട്. ഇതിനു പുറമേ കേരളത്തിന് വേണ്ടി നാല് തവണ സീനിയര്‍ നാഷണല്‍ ക്യാപറ്റന്‍ പദവിയോടെയും കളിച്ചു. സര്‍വ്വീസസിന് 5 ഫെഡറേഷന്‍ കപ്പ്, സില്‍വര്‍ മെഡല്‍ നേടിക്കൊടുത്ത താരമാണ് ഗിരീഷ്. 

2007 ല്‍ ആസ്സാമിലെ ഗുഹാട്ടിയില്‍ വച്ച് നടന്ന നാഷണല്‍ ഗെയിംസില്‍ സര്‍വ്വീസസിന് വേണ്ടി ഗോള്‍ഡ് മെഡലും നേടി. ആര്‍മി, നേവി, എയര്‍ഫോഴ്സ് എന്നി ടീമുകള്‍ മാറ്റുരച്ച ഡിപ്പാര്‍ട്ട്‌മെന്റ് മത്സരത്തില്‍ 13 തവണ സര്‍വ്വീസസിന് ഗോള്‍ഡ്, സില്‍വര്‍, ബ്രോന്‍സ് എന്നീ മെഡലുകള്‍ നേടിക്കൊടുത്തു. 2011 ല്‍ വിജയവാര്‍ഡയില്‍ വെച്ച് നടന്ന കബഡി പ്രീമിയര്‍ ലീഗില്‍ ഹൈദ്രബാദ് ഹോഴ്‌സസീന് വേണ്ടി ജേഴ്‌സി അണിഞ്ഞും ചാമ്പ്യന്‍ പട്ടം സ്വന്തമാക്കി. 

2010ല്‍ ചൈനയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലും പങ്കെടുത്തു. 2011 ല്‍ നടന്ന ഏഷ്യന്‍ ബീച്ച് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യന്‍ ടീമിനെ പ്രതിനിധികരിച്ചു. ഇന്ത്യയില്‍ നടന്ന എ ഗ്രേഡ് കബഡി ടൂര്‍ണ്ണമെന്റില്‍ ഇഎംഇ ഭോപ്പാലിനേയും സര്‍വ്വീസസിനേയും വിന്നര്‍ ആക്കിയതോടൊപ്പം ബെസ്റ്റ് പ്ലയര്‍ അവാര്‍ഡും കരസ്ഥമാക്കി.

ക്ലബില്‍ നടന്ന അനുമോദന യോഗത്തില്‍ ക്ലബ്ബ് വൈസ് പ്രസിഡന്റ് കെ കെ മുരളീധരന്‍ അദ്യക്ഷത വഹിച്ചു. ഇരുവരെയും സ്ഥാപക സെക്രെട്ടറി പി വി ഗോപാലന്‍ സ്ഥാപക പ്രസിഡന്റ് സിറാജ് എ എസ് എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിയിച്ചു. ക്ലബ്ബ് രക്ഷധികാരികളായ റിട്ട. അസിറ്റന്റ് കമാനന്റുമായ എം ബാലകൃഷ്ണന്‍ നായര്‍, പ്രശസ്ത ചിത്രകല അദ്ധ്യാപകനും കാര്‍ട്ടൂണിസ്റ്റുമായ ഗഫൂര്‍ മാസ്റ്റര്‍ എന്നിവര്‍ ക്ലബിന്റെ ഉപഹാരം സമര്‍പ്പണവും നടത്തി. 

ക്ലബ്ബ് അംഗമായ മംഗലാപുരത്തെ മണികണ്ഠന്‍ മുല്ലച്ചേരി ഇരുവര്‍ക്കും പ്രത്യേക അനുമോദാനവും ഉപഹാരവും നല്‍കി. ക്ലബ്ബിന്റെയും ഗിരീഷിന്റെയും കോച്ചും സായുധ സേന സബ്ബ് ഇന്‍സ്പെക്ടറുമായ ബാലകൃഷ്ണന്‍ കൊക്കാല്‍, സോള്‍ജ്യര്‍ കെഎല്‍ 14 വെല്‍ഫയര്‍ സൊസൈറ്റി പ്രസിഡണ്ട് ജയന്‍, ക്ലബ്ബ് മുന്‍ പ്രസിഡണ്ട് ശ്രീധരന്‍ നായര്‍, പ്രവാസി പ്രതിനിധികളായ വി നാരായണന്‍ നായര്‍, രാജു, ക്ലബ്ബ് ഭാരവാഹികളായ അനില്‍ കുമാര്‍, ഹരീഷന്‍ പി വി, രമേശന്‍, ഗിരീശന്‍ എന്നിവര്‍ സംസാരിച്ചു, കബ്ബ് സെക്രട്ടറി മധുസൂതനന്‍ പി വി സ്വാഗതവും വൈസ് പ്രസിഡന്റ് ചന്ദ്രന്‍ പി വി നന്ദിയും പറഞ്ഞു.

Post a Comment

0 Comments