കാസര്‍കോട്: പള്ളിക്കര ചേറ്റുകുണ്ടില്‍ നിയന്ത്രണം വിട്ട കാര്‍ ബസില്‍ കയറാന്‍ കാത്തുനിന്നവര്‍ക്കിടയിലേക്ക് ഇടിച്ച് കയറി രണ്ടുപേര്‍ മരിക്കാനിടയായ സംഭവത്തില്‍ അപകടം വരുത്തിവച്ച കാര്‍ ഡ്രൈവര്‍ക്ക് നാല് വര്‍ഷവും മൂന്നുമാസവും കഠിന തടവും അമ്പത്തൊന്നായിരം രൂപ പിഴയും.[www.malabarflash.com]
പള്ളിക്കര പെരിയറോഡ് സ്വദേശി എം.വി ഷംസുദ്ദിനെ(51)യാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി(1) ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒമ്പത് മാസം അധികതടവും അനുഭവിക്കണം. ജഡ്ജ് എ മനോജാണ് ശിക്ഷ വിധിച്ചത്.
2017 ഫെബ്രുവരി രണ്ടിന് വൈകീട്ട് മൂന്നരയോടെയാണ് അപകടം നടന്നത്. അപകടത്തില്‍ കുഞ്ഞായിസ, മോഹനന്‍ എന്നിവര്‍ മരണപ്പെടുകയും മറ്റു അഞ്ചുപേര്‍ക്ക് സാരമായ പരിക്കും പറ്റിയിരുന്നു. കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് വരികയായിരുന്ന റിട്സ് കാര്‍ ആണ് അപകടം വരുത്തിയത്.
ബേക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍, അന്ന് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന വി.കെ വിശ്വംഭരനായിരുന്നു അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ ഇ.ലോഹിതാക്ഷന്‍ ഹാജരായി.
0 Comments