NEWS UPDATE

6/recent/ticker-posts

ട്രെയിനിൽനിന്ന് തെറിച്ചും പ്ലാറ്റ് ഫോമിനിടയിൽ വീണും രണ്ടുപേർ മരിച്ചു

കാസർകോട്: ഓടുന്ന ട്രെയിനിൽനിന്ന് തെറിച്ചുവീണും അതേ വണ്ടിയുടെയും പ്ലാറ്റ്ഫോമിന്റെയും ഇടയിൽ പാളത്തിലേക്ക് വീണും വിദ്യാർഥിയും യുവാവും മരിച്ചു.[www.malabarflash.com] 

ഒഡിഷ സ്വദേശിയും മംഗളൂരുവിൽ പെട്രോൾപമ്പിൽ ജോലിക്കാരനുമായ സുശാന്ത് (41), കാസർകോട് റെയിൽവേ സ്റ്റേഷനിൽവെച്ചും മംഗളൂരു പി.എ കോളജ് എൻജിനീയറിങ് വിദ്യാർഥിയും കൂത്തുപറമ്പ് സ്വദേശിയുമായ റെനിം (19) കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിനടുത്തുവെച്ചുമാണ് അപകടത്തിൽപെട്ട് മരിച്ചത്. വ്യാഴാഴ്ച ഉച്ച രണ്ടോടെ മംഗളൂരുവിൽനിന്ന് ചെന്നൈയിലേക്ക് പോകുന്ന മംഗളൂരു -ചെെന്നെ മെയിലിൽനിന്നാണ് അപകടം.

കാസർകോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ വെള്ളം വാങ്ങാനായി പുറത്തിറങ്ങിയ സുശാന്ത്, ട്രെയിൻ വിട്ടപ്പോൾ ഓടിക്കയറുന്നതിനിടെ ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയിൽപെട്ട് പാളത്തിലേക്ക് വീഴുകയായിരുന്നു. മൃതദേഹം രണ്ട് ഭാഗങ്ങളായി മുറിഞ്ഞു. അപകടത്തെ തുടർന്ന് യാത്രക്കാർ വണ്ടിയുടെ ചങ്ങല വലിച്ച് നിർത്തുകയായിരുന്നു. മൃതദേഹത്തിൽനിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡാണ് മരിച്ചയാളെ തിരിച്ചറിയാൻ സഹായിച്ചത്. പാളത്തിൽ കുടുങ്ങിയ മൃതദേഹം പൊലീസെത്തി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഇതേ ട്രെയിനിൽനിന്ന് വാതിലിനരികിൽ നിൽക്കുകയായിരുന്ന റെനിം തെറിച്ചുവീണ് കാണാതാകുകയായിരുന്നു. ഷിറിയ പുഴയുടെയും കാസർകോടിന്റെയും ഇടയിൽനിന്നാണ് വിദ്യാർഥിയെ കാണാതായതെന്ന് കൂടെയുണ്ടായിരുന്ന മറ്റൊരു വിദ്യാർഥി പറഞ്ഞു. സംഭവം അറിഞ്ഞയുടനെ കുമ്പള ഭാഗത്ത് പ്രദേശവാസികളും പോലീസും ചേർന്ന് തിരച്ചിൽ ആരംഭിച്ച് ആറ് മണിക്കൂറിന് ശേഷം പന്നിക്കുന്നിലെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം അതിഥി മന്ദിരത്തിന്റെ പിറകിലുള്ള റെയിൽവേ പാളത്തിനരികെയാണ് മൃതദേഹം കണ്ടെത്തിയത്. അപകടത്തെ തുടർന്ന് ട്രെയിൻ അരമണിക്കൂറോളം വൈകി.

Post a Comment

0 Comments