സൗന്ദര്യവർധക വസ്തുക്കളിൽ പലതിലും അടങ്ങിയിട്ടുള്ള ഘടകങ്ങൾ വൃക്കരോഗങ്ങൾക്ക് കാരണമാകുന്നതിനേക്കുറിച്ച് അടുത്തിടെ പല റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഹെയർ സ്ട്രെയ്റ്റനിങ് ചെയ്ത ഇരുപത്തിയാറുകാരിക്കുണ്ടായ ദുരനുഭവമാണ് പുറത്തുവന്നിരിക്കുന്നത്. സലൂണിൽ ഹെയർ സ്ട്രെയ്റ്റനിങ്ങിനുശേഷമുണ്ടായ ആരോഗ്യപ്രശ്നങ്ങൾക്കിടെ നടത്തിയ പരിശോധനയിൽ വൃക്കരോഗം കണ്ടെത്തുകയായിരുന്നു. ടുണീഷ്യയിൽ നിന്നുള്ള യുവതിക്കാണ് ദുരനുഭവമുണ്ടായത്.[www.malabarflash.com]
മുമ്പ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലാത്ത യുവതിക്കാണ് ഹെയർസ്ട്രെയ്റ്റനിങ് ആപത്തായത്. 2020 ജൂണിലാണ് യുവതി സലൂണിൽ ഹെയർ സ്ട്രെയ്റ്റൻ ചെയ്യാനെത്തിയത്. 20121 ഏപ്രിലിലും 2022 ജൂലൈയിലും ചെയ്തു. ഓരോതവണ ഹെയർ ട്രീറ്റ്മെന്റ് കഴിഞ്ഞുവരുമ്പോഴും ഛർദി, വയറിളക്കം, പനി, പുറംവേദന തുടങ്ങിയവ അനുഭവപ്പെട്ടിരുന്നുവെന്ന് പെൺകുട്ടി പിന്നീട് വ്യക്തമാക്കി. സ്ട്രെയ്റ്റൻ ചെയ്യുന്നതിനിടെ ശിരോചർമത്തിൽ നീറ്റൽ അനുഭവപ്പെട്ടിരുന്നുവെന്നും കഴിഞ്ഞതിനുശേഷം മുറിവുകൾ രൂപപ്പെട്ടിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു.
ദി ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിലാണ് യുവതിക്കുണ്ടായ ആരോഗ്യപ്രശ്നത്തേക്കുറിച്ച് ഫ്രാൻസിൽ നിന്നുള്ള ഒരുകൂട്ടം ഡോക്ടർമാർ പ്രസിദ്ധീകരിച്ചിരിക്കുന്നത്. തുടർപരിശോധനയിൽ യുവതിയുടെ രക്തത്തിൽ ക്രിയാറ്റിനിന്റെ അളവ് അധികരിച്ചതായി കണ്ടെത്തിയെന്നും അത് വൃക്കയുടെ തകരാറിന്റെ ലക്ഷണമായിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു. മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുകയും ചെയ്തിരുന്നു.
ഗ്ലയോക്സിലിക് ആസിഡ് എന്ന കെമിക്കൽ അടങ്ങിയ സ്ട്രെയ്റ്റനിങ് ക്രീമാണ് യുവതിയിൽ ഉപയോഗിച്ചിരുന്നത്. ഇതിനുപിന്നാലെ ഗ്ലയോക്സിലിക് ആസിഡും വൃക്കയുടെ തകരാറും സംബന്ധിച്ച ഡോക്ടർമാർ പഠനം നടത്തുകയും ചെയ്തു. എലികളിൽ നടത്തിയ പരീക്ഷണത്തിനൊടുവിൽ ഗ്ലയോക്സിലിക് ആസിഡ് ചർമത്തിലൂടെ വൃക്കയിൽ എത്തിയതാകാം പ്രശ്നമായതെന്ന് ഡോക്ടർമാർകണ്ടെത്തി. സലൂണിൽ നിന്ന് യുവതിയിൽ ഉപയോഗിച്ച സ്ട്രെയ്റ്റനിങ് ക്രീം തന്നെയാണ് എലികളിൽ പരീക്ഷിച്ചത്. ഒപ്പം ഇതേ പ്രക്രിയ പെട്രോളിയം ജെല്ലി ഉപയോഗിച്ച് മറ്റ് എലികളിലും പരീക്ഷിച്ചു. ശേഷമാണ് സ്ട്രെയ്റ്റനിങ് ക്രീം ഉപയോഗിച്ച എലികളിലെ രക്തത്തിൽ ഇരുപത്തിയെട്ടു മണിക്കൂറിനുള്ളിൽ തന്നെ ക്രിയാറ്റിനിന്റെ അളവ് കൂടുതലായി കണ്ടെത്തിയത്. അതേസമയം പെട്രോളിയം ജെല്ലി ഉപയോഗിച്ചവയിൽ അസാധാരണമായൊന്നും കണ്ടെത്തിയില്ല.
ഗ്ലയോക്സിലിക് ആസിഡ് അടങ്ങിയ സൗന്ദര്യവർധക ഉത്പന്നങ്ങൾ ഉപയോഗിക്കാതിരിക്കുന്നതും വിപണിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുന്നതാണ് അഭികാമ്യമെന്നും ഡോക്ടർമാർ പറഞ്ഞു.
അടുത്തിടെ തൊലിവെളുക്കാനുള്ള വ്യാജക്രീമുകൾ ഉപയോഗിച്ചതിനേത്തുടർന്ന് വൃക്കരോഗമുണ്ടായ രണ്ടുപേരുടെ വാർത്ത റായ്ഗഡിൽ നിന്നു പുറത്തുവന്നിരുന്നു. മെമ്പ്രനസ് നെഫ്രോപ്പതി എന്ന അപൂർവവൃക്കരോഗം സ്ഥിരീകരിച്ച രണ്ടുപേരിലാണ് പരിശോധനകൾക്കൊടുവിൽ ഫെയർനസ് ക്രീമാണ് വില്ലനെന്നു തെളിഞ്ഞത്. മലപ്പുറത്തും സമാനമസംഭവത്തേത്തുടർന്ന് എട്ടുപേർക്ക് വൃക്കരോഗം ബാധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.
0 Comments