തിരുവനന്തപുരം: നെയ്യാറ്റിന്‍കരയ്ക്ക് സമീപം കൊടങ്ങാവിളയില്‍ കാറിലെത്തിയ അഞ്ചംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഊരൂട്ടുകാല, ഖാദി ബോര്‍ഡ് ഓഫീസിന് സമീപം ചരല്‍കല്ലുവിളവീട്ടില്‍ ഷണ്‍മുഖന്‍ ആശാരിയുടെയും രാജലക്ഷ്മിയുടെയും മകന്‍ ആദിത്യന്‍ (23) ആണ് കൊല്ലപ്പെട്ടത്. കൊടങ്ങാവിള കവലയ്ക്ക് സമീപം ബുധനാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ ആദിത്യനെ കാറിലെത്തിയ അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.[www.malabarflash.com]
പണമിടപാട് സംബന്ധിച്ച കാര്യം പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞ് ആദിത്യനെ സംഘം കൊടങ്ങാവിളയില്‍ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്നാണ് കാറിലുണ്ടായിരുന്നവര്‍ വാളുമായി യുവാവിനെ ആക്രമിച്ചത്. ആക്രമണത്തിനിടെ വെട്ടേറ്റ് ആദിത്യന്‍ റോഡില്‍ വീണു. അപ്പോഴേയ്ക്കും നാട്ടുകാര്‍ ഓടിക്കൂടി. ഇതോടെ അക്രമിസംഘം കാറുപേക്ഷിച്ച് കടന്നുകളയുകയായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന വിവരം.
അമരവിളയിലെ ഒരു സ്വകാര്യ മൈക്രോഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരനാണ് ആദിത്യന്‍. ആദിത്യനും കുടുംബവും നിലവില്‍ പത്താംകല്ലിലെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ആദിത്യനും അക്രമിസംഘവും തമ്മിലുണ്ടായ പിടിവലിയില്‍ ഇവര്‍ ഉപേക്ഷിച്ച കാറിന്റെ ഗ്ലാസ് തകര്‍ന്നിരുന്നു. അക്രമിസംഘം വാളുപയോഗിച്ചാണ് വെട്ടിയത്. അക്രമികൾക്കായി പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ആദിത്യന്റെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
0 Comments