NEWS UPDATE

6/recent/ticker-posts

വോട്ടെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേനാള്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി അന്തരിച്ചു

മൊറാദാബാദ്: ലോക്‌സഭ തെരെഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി സര്‍വേഷ് കുമാര്‍ അന്തരിച്ചു. ഡല്‍ഹി എയിംസില്‍ വെച്ചായിരുന്നു 72 വയസ്സുകാരനായ സര്‍വേഷ് കുമാറിന്റെ അന്ത്യം.[www.malabarflash.com]

ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ ഭൂപേന്ദ്ര ചൗധരിയാണ് മരണം സ്ഥിരീകരിച്ചത്. തൊണ്ട സംബന്ധമായ അസുഖം മൂലം ഓപ്പറേഷന് വിധേയനായ സര്‍വേശിനെ പിന്നീട് ശാരീരിക അവശതകള്‍ കാരണം എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയഘാതം മൂലമാണ് മരണം സംഭവിച്ചത്.

ഏപ്രില്‍ 19 വെള്ളിയാഴ്ച്ച ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടന്ന മൊറാദാബാദ് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നുള്ള തെരഞ്ഞെടുപ്പില്‍ മത്സരിച്ച 12 സ്ഥാനാര്‍ത്ഥികളില്‍ ഒരാളാണ് കുന്‍വര്‍ സര്‍വേശ് കുമാര്‍ . 

2014 മുതല്‍ 2019 വരെ മൊറാദാബാദില്‍ നിന്ന് ലോക്സഭാ എംപിയായി സേവനമനുഷ്ഠിച്ച അദ്ദേഹം 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ എസ്പിയുടെ എസ്ടി ഹസനോട് പരാജയപ്പെട്ടു. മൊറാദാബാദിലെ താക്കൂര്‍ദ്വാര അസംബ്ലി നിയോജക മണ്ഡലത്തില്‍ നിന്ന് അദ്ദേഹം അഞ്ച് തവണ ബിജെപി എംഎല്‍എയായി.

സര്‍വേശിന്റെ അപ്രതീക്ഷിതമായ വിയോഗം ഞെട്ടലുണ്ടാക്കിയെന്നും ബിജെപിക്ക് താങ്ങാനാവാത്ത നഷ്ട്ടമാണിതെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. ബിജെപി സ്ഥാനാര്‍ഥിയുടെ വിയോഗത്തില്‍ സമാജ്വാദി പാര്‍ട്ടിയും ദുഃഖം രേഖപ്പെടുത്തി, പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ദുഃഖിതരായ കുടുംബത്തെ അനുശോചനം അറിയിച്ചു. 

Post a Comment

0 Comments