കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആംആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്ത് ഇ.ഡി. ഡല്‍ഹി വഖഫ് ബോര്‍ഡ് അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ഓഖ്‌ലയില്‍ നിന്നുള്ള എംഎല്‍എയാണ് അമാനത്തുള്ള ഖാന്‍. 32 പേരെ അനധികൃതമായി വഖഫ് ബോര്‍ഡില്‍ നിയമിച്ചെന്നാണ് കേസ്.[www.malabarflash.com]
അമാനത്തുള്ള ഖാനെ ഇഡി ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. പിന്നാലെ മണിക്കൂറുകള്‍ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസില്‍ അമാനത്തുള്ളയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിം കോടതി തള്ളിയിരുന്നു. ഖാനെതിരായ കള്ളപ്പണക്കേസില്‍ ഇഡിക്ക് പുറമേ സിബിഐയും ഡല്‍ഹി പൊലീസും കേസെടുത്തിട്ടുണ്ട്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡില്‍ അമാനത്തുള്ള അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയെന്നാണ് ഇഡി വാദം. ഇവയെല്ലാം വഖഫ് ബോര്‍ഡില്‍ ജീവനക്കാരെ നിയമവിരുദ്ധമായി നിയമിച്ചതിലൂടെ നേടിയതെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ഈ സ്വത്തുക്കളെല്ലാം അമാനത്തുള്ള ഖാന്‍ തന്റെ അനുയായികളുടെ പേരിലാണ് നിക്ഷേപിച്ചത്. കള്ളപ്പണമുപയോഗിച്ച് ഡല്‍ഹിയില്‍ വിവിധ സ്ഥാവര ജംഗമ വസ്തുക്കളും ഖാന്‍ സ്വന്തമാക്കി. 2018 മുതല്‍ 2022 വരെ ഖാന്‍ ചെയര്‍മാനായിരുന്ന കാലത്ത് വഖഫ് ബോര്‍ഡിന്റെ സ്വത്തുക്കള്‍ അന്യായമായി വാടകയ്ക്കെടുക്കുകയും അതുവഴി വ്യക്തിപരമായ നേട്ടമുണ്ടാക്കുകയും ചെയ്തതായി ഇഡി ആരോപിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകളും ഇഡി പിടിച്ചെടുത്തു.
കേസുമായി ബന്ധപ്പെട്ട് ഇഡി കഴിഞ്ഞ ജനുവരിയിലാണ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. അമാനത്തുള്ള ഖാന്റെ അനുയായികളായ സീഷന്‍ ഹൈദര്‍, ദൗദ് നസീര്‍, ജാവേദ് ഇമാം സിദ്ദിഖി എന്നിവരെയും ഇഡി പ്രതിചേര്‍ത്തിരുന്നു.
അതേസമയം എഎപി നേതാക്കള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് കള്ളക്കേസുകളാണെന്നും അമാനത്തുള്ള ഖാനെതിരായ കുറ്റവും ഇത്തരത്തിലാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.
0 Comments