NEWS UPDATE

6/recent/ticker-posts

ബംഗാളിൽ ഇടതുമായി ചേർന്ന് സംയുക്ത പ്രചാരണത്തിന് ഇറങ്ങണം; പ്രവർത്തകർക്ക് അന്ത്യശാസനവുമായി കോൺഗ്രസ്

കൊൽക്കത്ത: ഇടതുപക്ഷ പാര്‍ട്ടികളുമായി സംയുക്തമായി പ്രചാരണം നടത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അന്ത്യശാസനം നല്‍കി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി. ബെര്‍ഹാംപൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു ചൗധരി നിലപാട് വ്യക്തമാക്കിയത്. ബിജെപിക്കും തൃണമൂലിനുമെതിരെ തങ്ങളുടെ സഖ്യകക്ഷികള്‍ മത്സരിക്കുന്നിടത്ത് പ്രചാരണം നടത്താത്തവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കുമെന്നും അധിര്‍ രഞ്ജന്‍ ചൗധരി നിലപാട് വ്യക്തമാക്കി.[www.malabarflash.com]


മുര്‍ഷിദാബാദ് മണ്ഡലത്തില്‍ മത്സരിക്കുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിമിന് വേണ്ടി താന്‍ പ്രചാരണം നടത്തുമെന്നും അധിര്‍ രഞ്ജന്‍ വ്യക്തമാക്കി. 'തീര്‍ച്ചയായും സലിമിന് വേണ്ടി പ്രചാരണം നടത്തും. ഞങ്ങള്‍ സംയുക്ത പ്രചാരണത്തില്‍ പ്രതിജ്ഞാബദ്ധരാണ്. സാധ്യമാകുന്നിടത്തെല്ലാം ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി അവര്‍ ചെയ്യുന്നത് പോലെ ഞങ്ങള്‍ പ്രചാരണം നടത്തു'മെന്നും അധിര്‍ രഞ്ജന്‍ പ്രതികരിച്ചു.

ബിര്‍ഭൂമില്‍ ഇടതുപക്ഷ പിന്തുണയുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മില്‍ട്ടണ്‍ റഷീദിന് വേണ്ടി പ്രചാരണം നടത്താന്‍ വിസമ്മതിച്ച ഏഴ് പ്രാദേശിക നേതാക്കളെ ആറ് വര്‍ഷത്തേക്ക് കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനവും ബിജെപിയുമായുള്ള മൗന സഹകരണവും ആരോപിച്ചാണ് നടപടി. ബിജെപിക്കും തൃണമൂലിനും എതിരായി വിശാലസഖ്യം എന്ന നിലപാട് മുന്‍നിര്‍ത്തി സിപിഐഎമ്മിനും-കോണ്‍ഗ്രസിനും ഇടയില്‍ നടന്ന നീക്കങ്ങള്‍ ഇതുവരെ പൂര്‍ണ്ണ വിജയത്തിലെത്തിയിട്ടില്ല.

സിപിഐഎം അംഗങ്ങള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണത്തിനായി ഇറങ്ങുന്നുണ്ടെന്നും കോണ്‍ഗ്രസ് പ്രവർത്തകർ തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നില്ലെന്നും സിപിഐഎം നേതൃത്വത്തിന് പരാതിയുണ്ട്. കല്‍ക്കട്ട സൗത്ത്, ജാദവ്പൂര്‍, ഡം ഡം എന്നിവിടങ്ങളിലെ സിപിഐഎം സ്ഥാനാര്‍ത്ഥികള്‍ക്കായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രചാരണത്തിനിറങ്ങാന്‍ വിമുഖത കാണിക്കുന്നതായും പരാതിയുണ്ട്.

ഇടതുപക്ഷ പ്രവര്‍ത്തകരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വത്തില്‍ നിന്നോ അഖിലേന്ത്യാ നേതൃത്വത്തില്‍ നിന്നോ വ്യക്തമായ നിര്‍ദ്ദേശമില്ലെന്നാണ് കോണ്‍ഗ്രസിന്റെ വിവിധ ജില്ലാ ഘടകങ്ങളുടെയും ബഹുജന സംഘടനകളുടെയും നേതൃത്വത്തിലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്. സംയുക്ത പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കാനും ഇവര്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെടുന്നതായും റിപ്പോര്‍ട്ടുണ്ട്.

ബംഗാളില്‍ ഏപ്രില്‍ 19ന് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന വടക്കന്‍ ബംഗാളിലെ കൂച്ച് ബെഹാര്‍, അലിപുര്‍ദുവാര്‍, ജല്‍പായ്ഗുരി മണ്ഡലങ്ങളില്‍ ധാരണയിലെത്താന്‍ സഖ്യത്തിന് സാധിച്ചിട്ടില്ല. കുച്ച് ബെഹാര്‍ ഇടതുസഖ്യത്തിലുള്ള ഫോര്‍വേഡ് ബ്ലോക്കിന്റെ സീറ്റാണ്. ഇവിടെ പിയ റോയ് ചൗധരിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. കൂച്ച് ബെഹാറില്‍ സഖ്യകക്ഷിയായ ഫോര്‍വേഡ് ബ്ലോക്കിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് സിപിഐഎം വ്യക്തമാക്കിയിട്ടുണ്ട്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കണമെന്ന് സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവും ഇടതുമുന്നണി ചെയര്‍മാനുമായ ബിമന്‍ ബോസ് കോണ്‍ഗ്രസ് നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം കഴിഞ്ഞിട്ടും കോണ്‍ഗ്രസ് മത്സരത്തില്‍ നിന്നും പിന്‍വാങ്ങിയില്ല. എന്നാല്‍ ശനിയാഴ്ച കൊല്‍ക്കത്ത നോര്‍ത്ത് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രദീപ് ഭട്ടാചാര്യയുടെ പ്രചാരണ റാലിയില്‍ ബിമന്‍ ബോസ് പങ്കെടുത്തിരുന്നു.

ബംഗാളില്‍ ഏഴുഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്നതിനാല്‍ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാനും സമവായത്തിലെത്താനും മതിയായ സമയം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇരുവിഭാഗത്തെയും നേതാക്കള്‍. സംസ്ഥാനത്തെ 42 സീറ്റുകളില്‍ 31 സീറ്റുകളില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ബാക്കിയുള്ള സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്ന വിശ്വാസത്തിലാണ് ഇരുവിഭാഗവും. നിലവില്‍ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്ന പുരുലിയയിലും ഭിന്നത പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഇരുവിഭാഗത്തിലെയും നേതാക്കള്‍. കോണ്‍ഗ്രസ് നേപ്പാള്‍ മഹാതോയെയാണ് ഇവിടെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു കാരണവശാലും പുരുലിയ വിട്ടുകൊടുക്കില്ല എന്ന നിലപാടിലാണ് ഫോര്‍വേര്‍ഡ് ബ്ലോക്ക്.

Post a Comment

0 Comments