NEWS UPDATE

6/recent/ticker-posts

സംസ്ഥാനത്ത് കനത്ത ചൂട്: സൂര്യാഘാതമേറ്റ് രണ്ടുമരണം; അംഗണവാടികളുടെ പ്രവര്‍ത്തനം നിര്‍ത്തി

തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളിൽ അന്തരീക്ഷ താപനില വർധിക്കുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചു. ഞായറാഴ്ച സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് രണ്ടുപേർ മരിച്ചു.[www.malabarflash.com]


പാലക്കാട് എലപ്പുള്ളി സ്വദേശി ലക്ഷ്മി(90), മാഹി പന്തയ്ക്കല്‍ സ്വദേശി വിശ്വനാഥന്‍(53) എന്നിവരാണ് മരിച്ചത്. ലക്ഷ്മിയെ ശനിയാഴ്ച വൈകീട്ട് കനാലില്‍ വീണുകിടക്കുന്ന നിലയിലാണ് കണ്ടത്. ആശുപത്രിയിലേക്കെത്തിച്ചെങ്കിലും മരിച്ചു. ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നെങ്കിലും മരണകാരണമെന്തെന്ന് വ്യക്തമായിരുന്നില്ല. തുടർന്ന് നടത്തിയ പോസ്റ്റ് മോർട്ടത്തിലാണ് മരണകാരണം സൂര്യാഘാതമാണെന്ന് തിരിച്ചറിഞ്ഞത്.

മാഹി സ്വദേശി വിശ്വനാഥന്‍ സൂര്യാഘാതമേറ്റ് ചികിത്സയിലിരിക്കേയാണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് കിണറ് പണിയെടുക്കുന്നതിനിടെയാണ് വിശ്വനാഥന് സൂര്യാഘാതമേറ്റത്.

അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ നിർദേശം അനുസരിച്ചാണ് നടപടി. അങ്കണവാടികളുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ പതിവ് പോലെ നടക്കും. ഈ കാലയളവില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ വീടുകളിലെത്തിച്ചുനൽകും.

ചൂട് കൂടിയ സാഹചര്യത്തില്‍ നേരത്തേ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊല്ലം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ 2024 ഏപ്രില്‍ 27, 28 തീയതികളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണെന്നും പൊതുജനങ്ങളും ഭരണ-ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

ഉഷ്ണതരംഗം ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിർദേശിച്ചു. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ വിഭാഗത്തിലുള്ളവര്‍ കഴിയുന്നതും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കുക. നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗമെന്നും മന്ത്രി വ്യക്തമാക്കി.

Post a Comment

0 Comments