NEWS UPDATE

6/recent/ticker-posts

ചന്ദ്രഗിരി ജംഗ്ഷനില്‍ പോലീസ് സ്ഥാപിച്ച എഎൻപിആർ ക്യാമറ പ്രവർത്തനം തുടങ്ങി


കാസർകോട്: അതിർത്തികളിലും കാസർകോട് നഗരത്തിലും ഉൾപ്പെടെ സ്ഥാപിച്ച പോലീസിന്റെ അത്യാധുനിക നിരീക്ഷണ ക്യാമറകൾ മിന്നിത്തുടങ്ങി. പോലീസിന്റെ കണ്ണുവെട്ടിച്ച് ഏത് വാഹനത്തിൽ പോയാലും നമ്പർ പ്ലേറ്റുകൾ ഇനി ക്യാമറക്കണ്ണുകളിൽ പതിയും.[www.malabarflash.com]


മോട്ടർ വാഹന വകുപ്പ് സ്ഥാപിച്ച റോഡ് ക്യാമറകളെക്കാൾ ഒട്ടേറെ സവിശേഷതകളും സംവിധാനങ്ങളും നിറഞ്ഞ ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്‌നൈസേഷൻ സിസ്റ്റം (എഎൻപിആർ) 24 മണിക്കൂറും പ്രവർത്തിക്കും. വാഹന മോഷണം പോലുള്ള കുറ്റകൃത്യങ്ങൾ തടയാൻ സംസ്ഥാന പോലീസ് സേനയുടെ നേതൃത്വത്തിലാണ് ക്യാമറകൾ സ്ഥാപിച്ചത്. എഎൻപിആർ സംവിധാനത്തിൽ ചിത്രം പകർത്താനുള്ള 2 ക്യാമറകളും 2 നിരീക്ഷണ ക്യാമറകളുമാണ് ഇരുദിശകളിലുമായുള്ളത്.

റോഡിലേക്കായി മറ്റൊരു ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. പിടികൂടേണ്ട വാഹനത്തിന്റെ നമ്പറും മറ്റ് വിവരങ്ങളും മുൻകൂറായോ അല്ലാതെയോ എഎൻപിആറിൽ ചേർക്കണം. വാഹനത്തിന്റെ നമ്പർ, നിറം, മോഡൽ എന്നിവ ക്യാമറ പകർത്തും. നിരീക്ഷണ ക്യാമറയിൽ വാഹനം പോയ ദിശയും വ്യക്തമാകും. വാഹനം കടന്നു പോകുമ്പോൾ അതത് ജില്ലകളിലെ പോലീസ് കൺട്രോൾ റൂമിലേക്ക് സിഗ്നൽ ലഭിക്കും. കൺട്രോൾ റൂമിൽ നിന്ന് അതത് സ്‌റ്റേഷൻ പരിധിയിലേക്ക് സന്ദേശമെത്തും. സംസ്ഥാന പോലീസ് ആസ്ഥാനത്താണ് ഡേറ്റാ ശേഖരണം നടക്കുക.


ക്യാമറകളിലെ ഡേറ്റ ഓട്ടമാറ്റിക്കായി സേവ് ആകുന്നതിലൂടെ പിന്നീട് പരിശോധിക്കുകയും ചെയ്യാം. കാസർകോട്–കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ ചന്ദ്രഗിരി ജംക‍്ഷൻ, തൃക്കരിപ്പൂർ എന്നിവിടങ്ങൾക്കു പുറമേ അതിർത്തി പ്രദേശമായ തലപ്പാടി, പാണത്തൂർ, മാണിമൂസ, കൊട്ടോടി, പെർല ഉൾപ്പെടെ ജില്ലയിലെ ഒട്ടേറെ അതിർത്തി പ്രദേശങ്ങളിലും എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

ജില്ലയിൽ സ്ഥാപിച്ച ക്യാമറകളുടെ കൺട്രോൾ യൂണിറ്റ് കാസർകോട് ടൗൺ പോലീസ് സ്റ്റേഷനോടുള്ള ചേർന്നുള്ള കൺട്രോൾ റൂമാണ്. 2021 ലാണ് കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ ക്യാമറകൾ സ്ഥാപിക്കാനുള്ള പദ്ധതി തുടങ്ങിയത്. സംസ്ഥാനത്തെ മറ്റു ജില്ലകളിൽ നേരത്തെ ക്യാമറകൾ സ്ഥാപിച്ചിരുന്നുവെങ്കിലും ജില്ലയിൽ കാസർകോട് നഗരത്തിൽ ഉൾപ്പെടെ സ്ഥാപിച്ചത് അടുത്തിടെയാണ്.


ബിഎസ്എൻഎൽ ഉൾപ്പെടെയുള്ള വിവിധ സ്വകാര്യ ടെലികോം കമ്പനികളുടെ സഹായത്തോടെയാണ് ക്യാമറയിലേക്ക് ആവശ്യമായ നെറ്റ്‍വർക്ക് സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. ട്രാഫിക് നിയമം ലംഘിക്കുന്നത് ഉൾപ്പെടെയുള്ള വാഹനങ്ങളിലെ ദൃശ്യങ്ങൾ ക്യാമറയിൽ പതിയുന്നതിനാൽ പിഴ അടയ്ക്കാനുള്ള നോട്ടിസും ഉടമസ്ഥനിലേക്കെത്തും. കാസർകോട് നഗരത്തിലുൾപ്പെടെ മോട്ടർ വാഹന വകുപ്പും, പോലീസും നേരത്തെ ഒട്ടേറെ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഇതിൽ പലതും പ്രവർത്തനരഹിതമാണ്.

Post a Comment

0 Comments