NEWS UPDATE

6/recent/ticker-posts

കേസുമായി ബന്ധപ്പെട്ട് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന കാര്‍ തട്ടിക്കൊണ്ടുപോകാൻ ശ്രമം

കൊച്ചി: എറണാകുളം അങ്കമാലിയില്‍ കേസുമായി ബന്ധപ്പെട്ട് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന കാര്‍ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സ്പെയർ കീ ഉപയോഗിച്ച് കാര്‍ കടത്തിക്കൊണ്ടുപോയ ആളെ കിലോമീറ്ററുകളോളം പിന്തുടർന്ന് പൊലീസ് പിടികൂടി. മലപ്പുറം തിരുന്നാവായ സ്വദേശി സിറാജുദ്ദീനാണ് അങ്കമാലി പോലീസ് സ്റ്റേഷൻ വളപ്പില്‍ നിന്ന് ഇന്നോവ കാര്‍ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്.[www.malabarflash.com]


കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് വാഹനവുമായി ഇയാൾ സ്റ്റേഷൻ വളപ്പിൽ നിന്നും പുറത്ത് കടന്നത്.കേസ് തീർന്ന് വാഹനം കൊണ്ടുപോകുകയാണെന്നാണ് ഇയാൾ അവിടെക്കണ്ട പോലീസുദ്യോഗസ്ഥനോട് പറഞ്ഞത്. സംശയം തോന്നി തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥനെ മറികടന്ന് വാഹനം പുറത്തേക്ക് ഓടിച്ചു കൊണ്ടുപോയി. പോലീസ് പിന്നാലെ പിന്തുടർന്നു. പുതുക്കാട്ട് ഹൈവേയിൽ നിന്ന് ഇട റോഡിലേക്ക് കടന്ന വാഹനത്തെ പുതുക്കാട് പോലീസിന്‍റെ സഹായത്തോടെ അങ്കമാലി പോലീസ് കസ്റ്റഡിയിലെടുത്തു.ഈ മാസം 13 ന് എം.സി റോഡിൽ തമിഴ്നാട് സ്വദേശികളുമായുണ്ടായ തർക്കത്തെ തുടർന്നാണ് ഇന്നോവ കാര്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു വന്നത്.

കുറെക്കാലം മുമ്പ് സ്വിഫ്റ്റ് കാർ വിൽക്കാനുണ്ടെന്ന പരസ്യം ഒൺലൈനിൽക്കണ്ട് തമിഴ്നാട് സ്വദേശികൾ കേരളത്തിൽ വരികയും രണ്ടേകാൽ ലക്ഷം രൂപയ്ക്ക് വാഹനം വാങ്ങിക്കൊണ്ടുപോവുകയും ചെയ്തു. ബാക്കി തുക കൊടുക്കുമ്പോൾ ഉടമസ്ഥാവകാശം മാറ്റാമെന്ന് പറഞ്ഞിരുന്നു.ഈ വാഹനം തമിഴ്നാട്ടിൽ നിന്ന് മോഷണം പോയി. അടുത്ത കാലത്ത് ഇന്നോവ വിൽപനയ്ക്കെന്ന പരസ്യം ഒൺലൈനിൽ കണ്ട് തമിഴ്നാട് സ്വദേശികൾ വീണ്ടും ബന്ധപ്പെട്ടു. എം.സി റോഡിൽ വാഹനവുമായി സംഘം എത്തി. അത് നേരത്തെ സ്വിഫ്റ്റ് കാർ കൊടുത്തവര്‍ തന്നെയായിരുന്നു.അത് അറിഞ്ഞു തന്നെയാണ് തമിഴ് നാട്ടിൽ നിന്ന് വന്നവർ ഇവരെ സമീപിച്ചത്.

സിഫ്റ്റ് കാറിന്‍റെ ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് വാഹനവും ആളുകളേയും സ്റ്റേഷനിലേക്ക് കൊണ്ടു വരികയായിരുന്നു. ഈ കാറാണ് സംഘാംഗമായ സിറാജുദ്ദീൻ ഓടിച്ചു കൊണ്ടുപോയത്.ഇന്നോവ കസ്റ്റഡിയിലെടുത്ത പോലീസ് സിറാജുദ്ദീനെ അറസ്റ്റ് ചെയ്തു.

Post a Comment

0 Comments