NEWS UPDATE

6/recent/ticker-posts

റിയാസ് മൗലവി വധക്കേസ്: പ്രതികളെ വെറുതേവിട്ട വിധിക്കെതിരേ സർക്കാർ അപ്പീൽ നൽകും

തിരുവനന്തപുരം: കാസർകോട് പഴയ ചൂരിയിലെ മദ്രസാധ്യാപകൻ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി(27)യെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികളെയും വെറുതേവിട്ട ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിക്കെതിരേ അപ്പീൽ നൽകാൻ സർക്കാർ തീരുമാനിച്ചു.[www.malabarflash.com] 

വേ​ഗത്തിൽ അപ്പീൽ നൽകാനാണ് എ.ജിയോട് സർക്കാർ നിർദേശിച്ചിരിക്കുന്നത്. എ.ജിയും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് സർക്കാർ തീരുമാനം. വേനലവധിക്ക് മുൻപ് കേസിൽ അപ്പീൽ നൽകാനാണ് നിർദേശം.

മാസങ്ങൾ നീണ്ട വിശദമായ വാദങ്ങൾക്ക് ശേഷമാണ്‌ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ.കെ. ബാലകൃഷ്ണൻ മൂന്ന് പ്രതികളെയും വെറുതേ വിട്ടുകൊണ്ടുള്ള വിധി ശനിയാഴ്ച പ്രസ്താവിച്ചത്. കേളുഗുഡ്ഡെ അയ്യപ്പനഗറിലെ എസ്.അജേഷ് (അപ്പു-27), കേളുഗുഡ്ഡെയിലെ നിധിൻ (26), കേളുഗുഡ്ഡെ ഗംഗൈ നഗറിലെ അഖിലേഷ് (അഖിൽ-32) എന്നിവരെയാണ് സംശയത്തിന്റെ ആനുകൂല്യത്തിൽ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വിട്ടയച്ചത്. പ്രതികൾ മതഭ്രാന്തന്മാരായ ആർ.എസ്‌.എസ്‌. പ്രവർത്തകരാണെന്ന്‌ കുറ്റപത്രത്തിൽ പറയുന്നുണ്ടെങ്കിലും അത്‌ തെളിയിക്കാൻ പ്രോസിക്യൂഷന്‌ കഴിഞ്ഞില്ലെന്ന്‌ കോടതി നിരീക്ഷിച്ചിരുന്നു.

2017 മാർച്ച് 20-ന് അർധരാത്രിയോടെ ബൈക്കിലെത്തിയ മൂന്നംഗസംഘം പഴയ ചൂരി പള്ളിയിലെ താമസസ്ഥലത്ത് കയറി റിയാസ് മൗലവിയെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവത്തിന് രണ്ടുദിവസം മുൻപ് മീപ്പുഗിരിയിൽ നടന്ന ഷട്ടിൽ ടൂർണമെന്റിനിടെയുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് കൊലപാതകമെന്നും വർഗീയ സംഘർഷമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് കൊലപാതകമെന്നുമായിരുന്നു കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്.

കാസർകോട് പോലീസ് രജിസ്റ്റർചെയ്ത കേസിൽ അന്നത്തെ കോസ്റ്റൽ ഇൻസ്പെക്ടർ പി.കെ.സുധാകരന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 2017 ജൂണിലാണ് കുറ്റപത്രം സമർപ്പിച്ചത്. 97 സാക്ഷികളെ വിസ്തരിച്ചു. 215 രേഖകളും 45 തൊണ്ടിമുതലുകളും ഡി.എൻ.എ. പരിശോധനാഫലമുൾപ്പെടെ ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു. 170 പേജിലാണ്‌ വിധിപ്പകർപ്പ്‌.

Post a Comment

0 Comments