ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി ബി ജെ പി. മോദി കി ഗ്യാരണ്ടി എന്ന പേരിലാണ് പ്രകടനപത്രിക. ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതിയും വനിതാ സംവരണവും നടപ്പാക്കും. കൂടുതല്‍ വന്ദേ ഭാരത് ട്രെയിനുകള്‍ കൊണ്ടുവരും.[www.malabarflash.com]
ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ പ്രതിനിധികള്‍ എന്നിവരടക്കം കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് പ്രകടന പത്രികയുടെ പതിപ്പ് നല്‍കിയാണ് പുറത്തിറക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരും പങ്കെടുത്തു.
ഗ്യാന്‍ (അറിവ്), ഗരീബ് (പാവപ്പെട്ടവര്‍), യുവ (യുവജനങ്ങള്‍), അന്നദാത (കൃഷിക്കാര്‍), നാരി (സ്ത്രീകള്‍) എന്നിവര്‍ക്കാണ് ബി ജെ പിയുടെ പ്രകടനപത്രിക പ്രാമുഖ്യം നല്‍കുന്നതെന്ന് മോദി പറഞ്ഞു. ഇന്ത്യയെ അന്താരാഷ്ട്ര നിര്‍മാണ ഹബ്ബാക്കും. ഇന്ധനവില കുറയ്ക്കും. അഴിമതിക്കെതിരായ പോരാട്ടം തുടരും.
ലഖ്പതി ദീദി പദ്ധതി, മൂന്നു കോടി സ്ത്രീകള്‍ക്കായി വിപുലീകരിക്കും, മെട്രോ റെയില്‍ ശൃംഖല വിപുലമാക്കും, അന്താരാഷ്ട്ര തലത്തില്‍ രാമായണോത്സവം സംഘടിപ്പിക്കും, വടക്ക് – തെക്ക് ബുള്ളറ്റ് ട്രെയിന്‍ റൂട്ടിന്റെ സാധ്യത പഠനം നടത്തും, 6എ സാങ്കേതിക വിദ്യ പ്രഖ്യാപിക്കും എന്നീ പ്രഖ്യാപനങ്ങളും പത്രികയിലുണ്ട്.
സൗജന്യ റേഷന്‍ പദ്ധതിയും ആയുഷ്മാന്‍ ഭാരത് പദ്ധതിയിലൂടെ വിലകുറഞ്ഞ മരുന്നുകളുടെ വിതരണവും വരുന്ന അഞ്ചു വര്‍ഷക്കാലവും തുടരും. മുദ്ര വായ്പാ പരിധി 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷം രൂപയായി വര്‍ധിപ്പിക്കും. കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കിടയില്‍ ബി ജെ പിയുടെ പ്രകടന പത്രികയിലെ ഓരോ കാര്യവും ഗ്യാരണ്ടിയായി നടപ്പാക്കിയിട്ടുണ്ടെന്നും മോദി അവകാശപ്പെട്ടു.
രാജ്യത്തെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കിയെന്ന് പ്രകടന പത്രികയില്‍ അവകാശപ്പെടുന്നു. 70 വയസിന് മുകളിലുള്ള എല്ലാവരെയും ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. വാതക പൈപ്പ് ലൈന്‍ എല്ലാ വീടുകളിലും എത്തിക്കും. വൈദ്യുതി ബില്‍ പൂജ്യമാക്കും. പുരപ്പുറ സോളാര്‍ പദ്ധതി വ്യാപകമാക്കും. പ്രധാന മന്ത്രി ആവാസ് യോജന വഴി മൂന്നു കോടി വീടുകള്‍ നിര്‍മിക്കും. ട്രാന്‍സ്‌ജെന്‍ഡറുകളെ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഭിന്നശേഷിക്കാര്‍ക്ക് പി എം ആവാസ് യോജന വഴി വീടുകള്‍ നല്‍കും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഞായറാഴ്ച രാവിലെ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രകടനപത്രിക പുറത്തിറക്കിയത്.
0 Comments