ആതിപറമ്പൻ കുഞ്ഞാലിയുമായുള്ള സൗഹൃദത്തിന്റെയും മതമൈത്രിയുടെയും ഓർമയിൽ ബോനം കൊടുക്കൽ ചടങ്ങും പൂർത്തിയായി. മറക്കളത്തിനകത്തും പുറത്തും തിങ്ങിനിറഞ്ഞ ഭക്തരെ സാക്ഷിയാക്കി, കണ്ടനാർ കേളൻ തെയ്യത്തിന്റെ ബപ്പിടൽ പോലെ പ്രാധാന്യമേറിയ വയനാട്ടുകുലവന്റെ ചൂട്ടൊപ്പിക്കൽ ചടങ്ങും നടന്നു.
ചൂട്ടാട്ട ശേഷം ചൂട്ടൊപ്പിക്കാൻ നിയുക്തനായ തറവാട് കാർണവരെ ചൂട്ട് ഏല്പിച്ച് കൊട്ടിലകത്തെ കാലും പലകയിൽ വെക്കുന്ന ചടങ്ങാണിത്.
വിഷ്ണുമൂർത്തി അരങ്ങിലെത്തിയ ശേഷം രണ്ടു തെയ്യങ്ങളും ഭക്തർക്ക് അനുഗ്രഹം നൽകി. കൂടിപ്പിരിയലിനു ശേഷം വിഷ്ണുമൂർത്തിയും അരങ്ങൊഴിഞ്ഞു. ശേഷം വയനാട്ടുകുലവൻ മൊഴിപറഞ്ഞു പിരിഞ്ഞ ശേഷം തെയ്യംകെട്ടിന്റെ സമാപനം കുറിക്കുന്ന മറപിളർക്കൽ പൂർത്തിയാക്കി.
വിളക്കിലരിയും കൈവീതും കഴിഞ്ഞു സദ്യയുണ്ട് പിരിഞ്ഞതോടെ ഉത്സവം സമാപിച്ചു. പതിനായിരങ്ങൾ പങ്കെടുത്ത മഹോത്സവം സർവ കാല പുതുമയോടെ അനിഷ്ട സംഭവങ്ങൾ ഒന്നുമില്ലാതെ പൂർത്തിയായ സംതൃപ്തിയിലാണ് ആഘോഷ കമ്മിറ്റിയും തറവാട് കമ്മിറ്റിയും അംഗങ്ങളും പ്രാദേശിക സമിതിയും നാട്ടുകാരും.
സദാ നേരവും വിഭവ സദ്യയൊരുക്കിയും സർവ ജനങ്ങൾക്കും ഉത്സവം കാണാനുള്ള അവസരം ഒരുക്കിയ ഒരു തെയ്യം കെട്ടാണ് ഉദുമ ടൗണിന്റെ ഹൃദയ ഭാഗത്ത് സമാപിച്ചത്.
0 Comments