NEWS UPDATE

6/recent/ticker-posts

കോതോർമ്പൻ തോക്കാനം താനത്തിങ്കാൽ വയനാട്ടുകുലവൻ തെയ്യംകെട്ട് ; മറക്കളത്തിൽ ദീപം തെളിഞ്ഞു

പാലക്കുന്ന്: കഴത്തിലെ രണ്ടാമത്തെ വയനാട്ടുകുലവൻ തെയ്യംകെട്ടിന് കീക്കാനം കുന്നത്ത് കോതോർമ്പൻ തറവാട് തോക്കാനം താനത്തിങ്കാൽ ദേവസ്ഥാനത്തിലെ മറക്കളത്തിൽ ദീപം തെളിഞ്ഞു.[www.malabarflash.com]


രാവിലെ കന്നികലവറയ്ക്ക് ശേഷം കോതോർമ്പൻ തറവാട്ടിൽ നിന്നുള്ള കലവറ ഘോഷയാത്രയാണ്‌ വാദ്യമേളഘോഷത്തോടെ ദേവസ്ഥാനത്ത് ആദ്യമെത്തിയത്. തുടർന്ന് കീക്കാനം അരയാലിങ്കാൽ വിഷ്ണു ക്ഷേത്രത്തിൽ നിന്ന് പ്രദേശവാസികളും പനയാൽ മഹാലിംഗേശ്വര ക്ഷേത്രത്തിൽ നിന്ന് യുഎഇ കമ്മിറ്റി വകയും കലവറ നിറച്ചു. 

ചെറൂട്ട അയ്യപ്പ ഭജന മന്ദിരം, വെളുത്തോളി പഞ്ചുർളി കരിഞ്ചാമുണ്ഡി വിഷ്ണുമൂർത്തി ദേവസ്ഥാനം, പട്രച്ചാൽ രക്തേശ്വരി വിഷ്ണുമൂർത്തി വനശാസ്താ ദേവസ്ഥാനം എന്നിവിടങ്ങളിൽ നിന്നും കലവറ ഘോഷയാത്രകൾ എത്തിയിരുന്നു. 

രാത്രി കൈവീതിന് ശേഷം മറക്കളത്തിൽ സർവരുടെയും സാന്നിധ്യത്തിൽ ദീപം തെളിച്ചു. ശേഷം പ്രധാന അടുക്കളയിലും ദീപം വെച്ചു. തോറ്റം പാട്ടിനും അനുബന്ധ ചടങ്ങുകൾക്കും ശേഷം പാലക്കുന്ന് ക്ഷേത്ര ആചാരസ്ഥാനികരുടെയും വിവിധ കമ്മിറ്റി ഭാരവാഹികളുടെയും സാന്നിധ്യത്തിൽ മുരളി കുറ്റിക്കോൽ (കണ്ടനാർ കേളൻ),കുമാരൻ താനൂർ (വയനാട്ടുകുലവൻ ) എന്നിവരെ പ്രധാന കോലധാരികളായി സുനീഷ് പൂജാരി പ്രഖ്യാപിച്ചു.

കണ്ടനാർ കേളന്റെ ബപ്പിടൽ നേരമൊഴികെ ഭക്ഷണവിതരണം ഉണ്ടാകും. എല്ലാ ക്രമീകരണങ്ങളും പൂർത്തിയായെന്ന് ഭാരവാഹികൾ അറിയിച്ചു. ഇന്നലെ രാവും പകലുമായി 7000 ത്തോളം പേർക്ക് ഭക്ഷണം വിളമ്പിയെന്നാണ് വിലയിരുത്തൽ. ഇന്നും നാളെയും ഇത്‌ തുടരും.

ഇന്ന് വൈകുന്നേരം 6ന് കോരച്ചൻ തെയ്യത്തിന്റെ വെള്ളാട്ടത്തിന് ശേഷം രാത്രി 9ന് കണ്ടനാർ കേളന്റെ വെള്ളാട്ടവും തുടർന്ന് തെയ്യംകെട്ടിന്റെ പ്രധാന ചടങ്ങായ ബപ്പിടലും നടക്കും. 11ന് വിഷ്ണുമൂർത്തിയുടെ തിടങ്ങലിന് ശേഷം വയനാട്ടുകുലവന്റെ വെള്ളാട്ടവും ഉണ്ടാകും

നാളെ ഉച്ചയ്ക്ക് 3ന് വയനാട്ടുകുലവൻ അരങ്ങിലെത്തും. തുടർന്ന് സവിശേഷമായ ചൂട്ടൊപ്പിക്കൽ നടക്കും . ശേഷമാണ് വിഷ്ണു മൂർത്തിയുടെ പുറപ്പാട്. രാത്രി മറപിളർക്കലും ശേഷം വിളക്കിലരിയോടെ തെയ്യംകെട്ട് സമാപിക്കും.

Post a Comment

0 Comments