NEWS UPDATE

6/recent/ticker-posts

പേനിനെ തുരത്താന്‍ തലയില്‍ ചികിത്സ; പിന്നാലെ സിഗരറ്റ് കത്തിച്ച യുവതിക്ക് പൊള്ളലേറ്റു

തലയിലെ പേന്‍ ചികിത്സയ്ക്ക് പിന്നാലെ സിഗരറ്റ് കത്തിച്ച യുവതിക്ക് പൊള്ളലേറ്റു. വടക്കന്‍ ഇസ്രയേലിലെ കിബ്ബട്ട്‌സില്‍ നിന്നുള്ള ഡാനയ്ക്കാണ് (38) പൊള്ളലേറ്റത്. പേന്‍ ചികിത്സ നടത്തിയ ഉടനെ, മരുന്നുകള്‍ ഉണങ്ങുന്നതിന് മുമ്പായി ഒരു സിഗരറ്റെടുത്ത് കത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു യുവതി. ലൈറ്ററില്‍ നിന്നുള്ള തീ പെട്ടന്നുതന്നെ തലയിലേക്ക് ആളിപ്പടരുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതിയെ ഹൈഫയിലെ റാംബാം ഹെല്‍ത്ത് കെയറില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.[www.malabarflash.com]

പേനിനെ നീക്കാന്‍ ചെയ്ത ചികിത്സ ഇത്തരമൊരു അപകടത്തിലേക്ക് എത്തുമെന്ന് കരുതിയിരുന്നില്ലെന്നും മരണത്തില്‍ നിന്ന് അതിജീവിച്ചത് അത്ഭുതമായി തോന്നുന്നുവെന്നും യുവതി പ്രതികരിച്ചു. യുവതിയുടെ കൈകള്‍ക്കും തലയ്ക്കുമാണ് പരുക്കേറ്റത്.

യുവതിക്ക് കിന്റര്‍ഗാര്‍ഡനില്‍ പോകുന്ന കുട്ടികളുണ്ട്. കൊച്ചുകുട്ടികളുടെ തലയില്‍ വളരുന്ന പേനാണ് ഡാനയുടെ തലയിലുമെത്തിയത്. ചെറിയ ചെറിയ പരീക്ഷണങ്ങളിലൂടെ പേന്‍ശല്യം ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അങ്ങനെയാണ് പുതിയൊരു ചികിത്സാ രീതി തന്റെ തലയിലും കുട്ടികളുടെ തലയിലും നടത്താന്‍ തീരുമാനിച്ചത്. യുവതി പറഞ്ഞു.

തീ ആളിപ്പടര്‍ന്ന ഉടനെ ഡാനയുടെ മകനാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. ടാപ്പില്‍ നിന്ന് വെള്ളമെടുത്ത് തുടരെ തുടരെ തലയില്‍ ഒഴിച്ചാണ് ഡാനയുടെ പന്ത്രണ്ട് വയസുകാരനായ മകന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. തന്നെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചതിന് ഡാന മകന് നന്ദി പറഞ്ഞു.

ആശുപത്രിയിലെത്തിച്ചപ്പോള്‍ യുവതിയുടെ പരുക്ക് ഗുരുതരമായിരുന്നെന്നും ശസ്ത്രക്രിയ ആവശ്യമില്ലാതെ വന്നത് ഭാഗ്യമായെന്നും റാംബാം ഹെല്‍ത്ത് കെയര്‍ കാമ്പസിലെ പ്ലാസ്റ്റിക് ആന്റ് റീകണ്‍സ്ട്രക്റ്റീവ് സര്‍ജറി വിഭാഗം ഡയറക്ടര്‍ പ്രൊഫ. അസഫ് സെല്‍റ്റ്സര്‍ പറഞ്ഞു. ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഉത്പന്നങ്ങളും മറ്റും എത്രത്തോളം അപകടകരമാകുമെന്ന് കരുതിയിരിക്കണമെന്ന് ഡോക്ടര്‍ പറഞ്ഞു.

Post a Comment

0 Comments