മൂവാറ്റുപുഴ: ആശുപത്രിയിലുള്ള പിതാവിന് ഭക്ഷണം കൊണ്ടുവന്ന ശേഷം മടങ്ങുകയായിരുന്ന യുവതിയെ മകളുടെ മുന്നിൽ ആൺസുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി. മൂവാറ്റുപുഴ നിരപ്പിൽ വാടകക്ക് താമസിക്കുന്ന പുന്നമറ്റം കോട്ടക്കുടി താഴത്ത് ഷക്കീറിന്റെ ഭാര്യ സിംനയെയാണ് (37) പുന്നമറ്റം തോപ്പിൽ ഷാഹുൽ (31) കൊലപ്പെടുത്തിയത്. മൂവാറ്റുപുഴ ജനറൽ ആശുപത്രി പ്രസവ വാർഡിന് മുന്നിൽ ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് നാടിനെ നടുക്കിയ സംഭവം.[www.malabarflash.com]
ബൈക്കിൽ കടന്നുകളയാൻ ശ്രമിച്ച പ്രതിയെ മൂവാറ്റുപുഴ ടൗണിൽവെച്ച് പോലീസ് പിടികൂടി. ചികിത്സയിലുള്ള പിതാവ് അസൈനാരിന് ഭക്ഷണവുമായി മകൾക്കൊപ്പം എത്തിയതായിരുന്നു സിംന. വീട്ടിലേക്ക് മടങ്ങുന്നതിനിടെ തടഞ്ഞുനിർത്തി കത്തികൊണ്ട് കഴുത്തറുക്കുകയായിരുന്നു. തടയാൻ ശ്രമിച്ച മകളെ തള്ളിമാറ്റിയ ഇയാൾ, തറയിൽ വീണ യുവതിയെ പുറത്ത് പലതവണ കുത്തുകയും ചെയ്തു.
സുരക്ഷ ജീവനക്കാരടക്കം ഓടിയെത്തിയപ്പോഴേക്കും രക്ഷപ്പെട്ടു. ടൗണിൽനിന്ന് പോലീസ് പിടികൂടുമ്പോൾ ഇയാളുടെ കൈ മുറിഞ്ഞ നിലയിലായിരുന്നു. ജനറൽ ആശുപത്രിയിലെത്തിച്ച് പ്രാഥമികചികിത്സ നൽകിയശേഷം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സിംനയുടെ ഭർത്താവ് ഷക്കീറിന്റെ സുഹൃത്തായിരുന്നു ഇയാൾ. മൂവാറ്റുപുഴയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ്.
വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. സിംന പെരുമറ്റത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. ഷക്കീർ നേരത്തേ വിദേശത്തായിരുന്നു. അയൽവാസിയായിരുന്ന ഷാഹുലാണ് സിംനക്ക് സഹായങ്ങൾ ചെയ്തിരുന്നത്. സമീപകാലത്ത് ഇവർ തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണിരുന്നു. സിംനയുടെ മക്കൾ: സാഹിർ, സൗഫാന, സഹാന. ഖബറടക്കം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് പെരുമറ്റം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
0 Comments