ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്തു ജയിലിൽ കഴിഞ്ഞിരുന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ജാമ്യത്തിലിറങ്ങി. കേജ്‌രിവാളിനെ സ്വീകരിക്കാൻ നിരവധി പാർട്ടി പ്രവർത്തകരാണു തിഹാർ ജയിലിനു മുന്നിലെത്തിയത്. തിഹാർ ജയിലിൽനിന്നു വീട്ടിലെത്തി അദ്ദേഹം മാതാപിതാക്കളെ കാണും. ദൈവം തനിക്കൊപ്പമാണെന്നു കേജ്‌രിവാൾ പ്രതികരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് വാർത്താസമ്മേളനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.[www.malabarflash.com]
ജയിലിനു പുറത്തിറങ്ങിയ കേജ്‌രിവാൾ കാറിന്റെ സൺറൂഫിലൂടെ പ്രവർത്തകരെ അഭിസംബോധന ചെയ്തു. ഭാരത് മാതാ കി ജയ്, വന്ദേമാതരം, ഇൻക്വിലാബ് സിന്ദാബാദ് എന്നീ മുദ്രാവാക്യങ്ങൾ വിളിച്ചശേഷമാണ് കേജ്‌രിവാൾ സംസാരിച്ചുതുടങ്ങിയത്. ‘‘എന്റെ കഴിവ് അനുസരിച്ചാണ് ഞാൻ ഏകാധിപത്യത്തിന് എതിരെ പോരാടുന്നത്. എന്നാൽ ഈ രാജ്യത്തെ 140 കോടി ജനങ്ങൾ അതിനെതിരെ പോരാടാൻ എനിക്കൊപ്പമെത്തി. നിങ്ങൾക്ക് എല്ലാവർക്കും നന്ദി. ഈ രാജ്യത്തെ കോടിക്കണക്കിനുപേർ എന്നെ അനുഗ്രഹിച്ചു. സുപ്രീം കോടതിക്കും നന്ദി. ദൈവാനുഗ്രഹം എനിക്കൊപ്പമുണ്ട്. ഉടൻ പുറത്തിറങ്ങുമെന്നു ഞാൻ പറഞ്ഞിരുന്നു. പിന്തുണയ്ക്കുന്നവരെ കാണുന്നതില്‍ സന്തോഷമുണ്ട്. അവരോടു നന്ദിയുണ്ട്. ഹനുമാൻ സ്വാമിയുടെ അനുഗ്രഹം എനിക്കുണ്ട്. ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരും’’– അരവിന്ദ് കേജ്‌രിവാൾ വ്യക്തമാക്കി. കേജ്‌രിവാൾ ശനിയാഴ്ച പകൽ 11ന് കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തും.
ജൂൺ ഒന്നു വരെയാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതലകൾ നിർവഹിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം. തന്നെ അറസ്റ്റ് ചെയ്തതു തന്നെ തെറ്റാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കേജ്‌രിവാളിന്റെ ഹർജി. എന്നാൽ, തിരഞ്ഞെടുപ്പു പ്രചാരണം നടക്കുന്നതിനിടെ പാർട്ടി നേതാവെന്ന പരിഗണനയിൽ കോടതി ജാമ്യം നൽകുകയായിരുന്നു. അറസ്റ്റിനെതിരെ നൽകിയ ഹർജിയിലെ വാദം നീണ്ടു പോകുമെന്ന വിലയിരുത്തലിലാണ് ജാമ്യം അനുവദിച്ചത്.
0 Comments