NEWS UPDATE

6/recent/ticker-posts

മാത്യു കുഴല്‍നാടന്റേത് തെളിവില്ലാത്ത ആരോപണങ്ങളെന്ന് കോടതി; മാസപ്പടി കേസിലെ വിധി ഇങ്ങനെ

തിരുവനന്തപുരം: മാത്യു കുഴല്‍നാടന്റെ ഹര്‍ജിയില്‍ തെളിവുകളില്ലെന്നും ആരോപണങ്ങള്‍ മാത്രമാണ് ഉള്ളതെന്നും വിജിലന്‍സ് കോടതി. മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കുഴല്‍നാടന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടുള്ള വിധിയിലാണ് കോടതിയുടെ നിരീക്ഷണങ്ങള്‍.[www.malabarflash.com] 

ആരോപണങ്ങള്‍ക്ക് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും ഹര്‍ജി അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും വിധിന്യായത്തില്‍ പറയുന്നു. മാത്യു കുഴല്‍നാടന്റെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമായ ആരോപണം എന്ന വാദം ശക്തിപ്പെടുത്തുന്നതാണെന്നും കോടതി വിമര്‍ശിക്കുന്നു.

സി.എം.ആര്‍.എല്‍ പണം നല്‍കിയ മറ്റാരുടെയും പേരില്‍ ഹര്‍ജിക്കാരന്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല. എന്തുകൊണ്ട് മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരേ മാത്രം അന്വേഷണം ആവശ്യപ്പെടുന്നുവെന്നും കോടതി ചോദിക്കുന്നു. മാത്യു കുഴല്‍നാടന്റെ ഹര്‍ജിയില്‍ ആരോപണങ്ങള്‍ മാത്രമാണ്. ആരോപണം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുന്നതില്‍ പരാതിക്കാരന്‍ പരാജയപ്പെട്ടു. സി.എം.ആര്‍.എല്ലിന് ഐ.ആര്‍.ഇ ഇല്‍മനൈറ്റ് നല്‍കിയതില്‍ അഴിമതി ഇല്ലെന്ന് കോടതി വിലയിരുത്തി. ഇല്‍മനൈറ്റ് സൗജന്യമായി കൊടുത്തു എന്ന ആരോപണം ഹര്‍ജിയിലില്ല.

ഈ ഇടപാടില്‍ സി.എം.ആര്‍.എല്ലിന് എന്ത് ലാഭമുണ്ടായി എന്നും വ്യക്തമാക്കിയിട്ടില്ല. ഇതിനായി ഹര്‍ജിക്കാരന്‍ ഹാജരാക്കിയ ഇ-വേ ബില്ല് തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്നും കോടതി നിലപാടെടുത്തു. കെ.ആര്‍.ഇഎം.എല്ലിന് മിച്ചഭൂമി ഇളവുചെയ്ത് കൊടുത്തുവെന്ന വാദവും കോടതി തള്ളിക്കളഞ്ഞു. മിച്ചഭൂമി ഇളവുചെയ്ത് കൊടുക്കാനുള്ള തീരുമാനം പിന്നീട് റദ്ദാക്കിയത് വിജിലന്‍ കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. ഇത് പരിഗണിച്ചാണ് മിച്ചഭൂമി ഇളവ് ചെയ്ത് കൊടുത്തിട്ടില്ലെന്നും കോടതി വിലയിരുത്തിയത്.

മാസപ്പടി കേസ് ഉയര്‍ത്തിക്കൊണ്ടുവന്ന സമയത്ത് മാത്യു കുഴല്‍നാടന്റെ പ്രധാന ആരോപണങ്ങളില്‍ ഒന്നായിരുന്നു മിച്ചഭൂമി ഇളവുചെയ്തു കൊടുത്തുവെന്ന രേഖ. എന്നാല്‍ അതേ തീരുമാനം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

മാസപ്പടി കേസില്‍ കുഴല്‍നാടന്റെ നിയമവഴിയിലൂടെയുള്ള നീക്കം തിരഞ്ഞെടുപ്പ് സമയത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. വിഷയത്തില്‍ കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടായതോടെ ഇനി കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം മാത്രമാണ് സര്‍ക്കാരിനും പാര്‍ട്ടിക്കും പ്രതിസന്ധിയായി മുന്നിലുള്ളത്. വിഷയത്തില്‍ സീരീയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണം നടക്കുന്നുണ്ട്. ഇതിന് പിന്നാലെ ആദായ നികുതി വകുപ്പും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പ്രത്യേകം അന്വേഷിക്കുന്നുമുണ്ട്.

Post a Comment

0 Comments