NEWS UPDATE

6/recent/ticker-posts

‘പോയി തൂങ്ങിച്ചാവൂ’ എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല: കർണാടക ഹൈക്കോടതി

ബെംഗളൂരു: ‘പോയി തൂങ്ങിച്ചാവൂ’ എന്നു പറയുന്നത് ആത്മഹത്യാപ്രേരണയായി കണക്കാക്കാനാകില്ലെന്നു കർ‌ണാടക ഹൈക്കോടതി. തീരദേശ കർണാടകയിലെ ഉഡുപ്പിയിലെ ഒരു പുരോഹിതന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കവേയാണ് ഇത്തരം ഒരു പ്രസ്താവനയുടെ പേരിൽ ഒരാൾക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്താനാകില്ലെന്ന് ജസ്റ്റിസ് എം.നാഗപ്രസന്ന പറഞ്ഞത്.[www.malabarflash.com]


തന്റെ ഭാര്യയുമായുള്ള പുരോഹിതന്റെ ബന്ധം അറിഞ്ഞ പരാതിക്കാരൻ അദ്ദേഹവുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ‘പോയി തൂങ്ങിച്ചാവൂ’ എന്ന് ആക്രോശിക്കുകയും ചെയ്തു. പരാതിക്കാരൻ അതു ദേഷ്യം വന്നപ്പോൾ പറഞ്ഞ വാക്കുകളാണെന്നും പുരോഹിതൻ തന്റെ ജീവിതം അവസാനിപ്പിക്കാൻ എടുത്ത തീരുമാനം അതിനാലല്ലെന്നും പരാതിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. 

പരാതിക്കാരന്റെ ഭാര്യയുമായുള്ള ബന്ധം എല്ലാവരും അറിഞ്ഞതിലുള്ള മനോവിഷമത്തിലാണ് പുരോഹിതൻ ജീവിതം അവസാനിപ്പിച്ചതെന്നും അഭിഭാഷകൻ പറഞ്ഞു.

വാക്കുതർക്കം നടന്നതിനു പിന്നാലെയാണ് പുരോഹിതൻ ജീവനൊടുക്കിയത്. പരാതിക്കാരന്റെ ഭീഷണിയെത്തുടർന്നാണ് പുരോഹിതൻ ജീവൻ അവസാനിപ്പിച്ചത് എന്നാണ് എതിർഭാഗം വാദിച്ചത്. എന്നാൽ ഇതു തള്ളിയ കോടതി പുരോഹിതന്റെ ആത്മഹത്യയ്ക്ക് പല കാരണങ്ങൾ ഉണ്ടാകാമെന്നും പരാതിക്കാരന്റെ വാക്കുകൾ അതിനു കാരണമായി എടുക്കാനാകില്ലെന്നും വിലയിരുത്തി.

Post a Comment

0 Comments