NEWS UPDATE

6/recent/ticker-posts

ഭൂമിതർക്കത്തിൽ ഹനുമാനെ കക്ഷിചേർത്തു; ഒരുലക്ഷം രൂപ പിഴ ചുമത്തി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: സ്വകാര്യസ്ഥലത്തെ ക്ഷേത്രത്തിൽ ആരാധന നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ‘ഹനുമാനെ’ കക്ഷി ചേർത്തയാൾക്കു ഡൽഹി ഹൈക്കോടതി പിഴ ചുമത്തി. ഡൽഹി സ്വദേശിയായ സൂരജ് മാലിക് എന്നയാളുടെ സ്ഥലത്തെ ആരാധനാകേന്ദ്രത്തിൽ പൂജ നടത്തുന്നതുമായി ബന്ധപ്പെട്ട് അങ്കിത് മിശ്ര (31) നൽകിയ ഹർജി തള്ളിയാണു ജസ്റ്റിസ് സി.ഹരിശങ്കർ ഒരു ലക്ഷം രൂപ പിഴയിട്ടത്.[www.malabarflash.com]


‘ഈശ്വരൻ ഒരു ദിവസം എന്റെ മുന്നിൽ വ്യവഹാരക്കാരനാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല’– ജഡ്ജി പറഞ്ഞു. സ്ഥലം കൈവശപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു ഹർജി നൽകിയിരിക്കുന്നതെന്നു നിരീക്ഷിച്ച ജസ്റ്റിസ് ഹരിശങ്കർ, പിഴത്തുക സ്ഥലമുടമയായ സൂരജ് മാലിക്കിനു നൽകണമെന്നും ഉത്തരവിട്ടു.

സ്ഥലത്തെ അമ്പലത്തിൽ പതിവായി പൂജ നടത്തിയിരുന്നുവെന്നും ഈ സാഹചര്യത്തിൽ സ്ഥലത്തിന്റെ അവകാശം മറ്റാർക്കും നൽകാനാവില്ലെന്നും വ്യക്തമാക്കി അങ്കിത് മിശ്ര വിചാരണക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഹർജി തള്ളി. തുടർന്നാണു ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ഹനുമാൻ, ശിവൻ, ദുർഗാദേവി തുടങ്ങിയ ദൈവങ്ങൾ ഇവിടെയുണ്ടെന്നും ഹിന്ദു വിശ്വാസികൾ പതിവായി ഇവിടെ പൂജയും മറ്റും നടത്തുന്നുവെന്നും സ്ഥലം കൈമാറാൻ കഴിയില്ലെന്നും ഇയാൾ വാദിച്ചു.

സ്ഥലത്തിന്റെ അവകാശം മാലിക്കിനു കൈമാറുന്ന കരാർ 2022ൽ നിലവിലുണ്ട്. സ്ഥലത്തെ ആരാധനാകേന്ദ്രത്തിൽ പൂജ നടത്താൻ അങ്കിത് മിശ്രയ്ക്കു നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം ഹർജിയിൽ ചോദ്യം ചെയ്തിരുന്നു. എന്നാൽ, സ്വകാര്യ സ്ഥലത്ത് ഒരാൾ ക്ഷേത്രം നിർമിക്കുകയാണെങ്കിൽ പൊതുജനങ്ങൾക്ക് അവിടെ ആരാധന അനുവദിക്കണമെന്നു വ്യവസ്ഥയില്ലെന്നും ജസ്റ്റിസ് ഹരിശങ്കർ വ്യക്തമാക്കി. ഇത്തരം ക്ഷേത്രത്തിൽ പൊതുജനങ്ങൾ ആരാധന നടത്തിയാലും ക്ഷേത്രം പൊതുവായി മാറില്ലെന്നും കോടതി വ്യക്തമാക്കി.

Post a Comment

0 Comments