NEWS UPDATE

6/recent/ticker-posts

ശക്തമായ മഴയും പൊടിക്കാറ്റും; മുംബൈയിൽ പരസ്യബോർഡ് തകർന്ന് എട്ട് മരണം, 59 പേർക്ക് പരിക്ക്

മുംബൈ: ശക്തമായ മഴയിലും പൊടിക്കാറ്റിലും മുംബൈയിൽ എട്ട് പേർ മരിക്കുകയും 59 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശക്തമായ കാറ്റിനെ തുടർന്ന് പെട്രോൾ പമ്പിന് സമീപം സ്ഥാപിച്ച പരസ്യബോർഡ് തകർന്നുവീണു. 20 ഓളം പേർ ഇതിനിടയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് കരുതുന്നത്. ബിൽബോർഡ് സ്ഥാപിച്ചത് അധികൃതരുടെ അനുമതിയോടെയാണോ എന്ന് പോലീസ് അന്വേഷിക്കുകയാണ്. പെട്രോൾ പമ്പിലുണ്ടായിരുന്ന കാറുകളുടെ മുകളിലേക്കാണ് പരസ്യബോർഡിന്റെ ഇരുമ്പ് ഭാഗം വീണത്.[www.malabarflash.com]


ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് പോലീസും ദുരന്തപ്രതിരോധ സേനയും. ജനങ്ങളെ രക്ഷപ്പെടുത്തുന്നതിലാണ് മുൻഗണനയെന്ന് സംഭവത്തിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പ്രതികരിച്ചു. പരിക്കേറ്റവർക്കുള്ള ചികിത്സ സർക്കാർ ഉറപ്പുവരുത്തും. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകും. മുംബൈയിലെ എല്ലാ പരസ്യ ബോർഡുകളും പരിശോധിക്കാൻ പോലിസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. സംഭവത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് വ്യക്തമാക്കി.

മുംബൈയിൽ മണിക്കൂറുകളായി ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഇതോടെ നഗരത്തിലെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. നിരവധി സ്ഥലങ്ങളിലും മരങ്ങൾ കടപുഴകി. നഗരത്തിൽ പൊടിക്കാറ്റാണ് ആഞ്ഞടിക്കുന്നത്. ആകാശത്തിൽ ആകെ പൊടി നിറഞ്ഞതായി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ലോക്കൽ ട്രെയിൻ സർവ്വീസ്, മെട്രോ ട്രെയിൻ, വിമാനത്തവളം എന്നിവ താത്കാലികമായി അടച്ചിരിക്കുകയാണ്.

Post a Comment

0 Comments