അഹമ്മദാബാദ്: മുൻ കാമുകിയുടെ വീട്ടിലേക്ക് യുവാവയച്ച പാർസലിലെ ബോംബ് പൊട്ടിത്തെറിച്ച് യുവതിയുടെ ഭർത്താവിനും മകൾക്കും ദാരുണാന്ത്യം. ജീതുഭായ് ഹീരാഭായ് വഞ്ജരയും (32), മകൾ ഭൂമികയുമാണ് (12) കൊല്ലപ്പെട്ടത്. ഗുജറാത്തിലെ വദാലിയിൽ വ്യാഴാഴ്ചയാണ് സംഭവം.[www.malabarflash.com]ജയന്തിഭായ് ബാലുസിംഗ് വഞ്ജര (31) എന്ന വ്യക്തിയാണ് വീട്ടിലേക്ക് പാഴ്‌സലയച്ചതെന്ന് പോലീസ് അറിയിച്ചു. പാഴ്‌സലിലുണ്ടായിരുന്ന ടേപ്പ് റെക്കോർഡററിന് സമാനമായിരുന്നു ഇലക്ട്രോണിക് ഉപകരണം പ്ലഗ് ഇൻ ചെയ്യാൻ ശ്രമിച്ചപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ ജീതുഭായ് കൊല്ലപ്പെട്ടു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു ഭൂമികയുടെ മരണം.
സ്ഫോടനം നടക്കുമ്പോൾ ജീത്തുവിന്റെ ഭാര്യ സ്ഥലത്തില്ലായിരുന്നു. തന്റെ മുൻ കാമുകിയുമായുള്ള ജീത്തുവിന്റെ വിവാഹത്തിലുണ്ടായ പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ബോംബ് നിർമിക്കാനുള്ള സാമഗ്രികൾ തേടി ജയന്തിഭായ് രാജസ്ഥാനിൽ പോയിരുന്നു. പ്ലഗ് ഇൻ ചെയ്യാൻ ശ്രമിച്ചപ്പോൾ ബോംബിലെ ജെലാറ്റിൽ സ്റ്റിക്കുകളും ഡിറ്റണേറ്ററും പൊട്ടിത്തെറിക്കുകയായിരുന്നെന്നും അധികൃതർ വ്യക്തമാക്കി.
ഓട്ടോറിക്ഷയിലായിരുന്നു വീട്ടിലേക്ക് പാഴ്‌സലെത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഓട്ടോഡ്രൈവറെ കസ്റ്റഡിയിലെടുത്ത പോലീസ് ഇയാളുടെ മൊഴിയിലൂടെയാണ് ജയന്തി ഭായിലേക്കെത്തിയത്. തുടർന്ന്, സ്ഫോടനം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ജീത്തുഭായുടെ ഒൻപതും പത്തും വയസ്സുള്ള രണ്ട് പെൺകുട്ടികൾക്കും സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി അഹമദാബാദിലേക്ക് മാറ്റിയിട്ടുണ്ട്.
0 Comments