ബംഗളൂരു: കർണാടകയിൽ കസ്റ്റഡി മരണമുണ്ടായെന്ന് ആരോപിച്ച് ജനക്കൂട്ടം പോലീസ് സ്റ്റേഷൻ തകർത്തു. സ്റ്റേഷൻ പരിസരത്തുണ്ടായിരുന്ന നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തിട്ടുണ്ട്. കർണാടകയിലെ ഛന്നഗിരി നഗരത്തിലാണ് സംഭവം.[www.malabarflash.com]
മെയ് 24ന് പോലീസ് കസ്റ്റഡിയിലെടുത്ത ആദിൽ എന്ന യുവാവിന്റെ മരണവുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം. ചൂതാട്ടത്തിൽ ഏർപ്പെട്ടെന്ന് ആരോപിച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാൾ മരിച്ചത്.
അദിൽ മരിച്ചുവെന്ന വിവരം പുറത്ത് വന്നതോടെ ഇയാളുടെ ബന്ധുക്കൾ ഒരുസംഘം ആളുകളുമായെത്തി പോലീസ് സ്റ്റേഷൻ ആക്രമിക്കുകയായിരുന്നു. വാഹനങ്ങൾ കത്തിച്ച ഇവർ പോലീസ് സ്റ്റേഷൻ തകർക്കുകയും ചെയ്തു.
സംഭവത്തെ തുടർന്ന് ഡെപ്യൂട്ടി സൂപ്രണ്ടിനേയും ഛന്നഗിരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറേയും മുഖ്യമന്ത്രി സിദ്ധരാമയ്യ സസ്പെൻഡ് ചെയ്തു. ഇതൊരു കസ്റ്റഡി മരണമല്ലെന്നും അദ്ദേഹം പറഞ്ഞു.
മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയെന്ന് എസ്.പി ഉമ പ്രശാന്ത് അറിയിച്ചു. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ പോസ്റ്റ്മാർട്ടം നടത്തും. ഇതിന്റെ റിപ്പോർട്ട് കിട്ടിയതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കും. സ്റ്റേഷനിലെത്തിച്ച് ഏഴ് മിനിറ്റിനകം തന്നെ ഇയാൾ മരിച്ചുവെന്നും സൂപ്രണ്ട് അറിയിച്ചു.
0 Comments