NEWS UPDATE

6/recent/ticker-posts

ഷാർജയിൽ കാറിൽ കുടുങ്ങിയ ഏഴു വയസുകാരൻ ശ്വാസംമുട്ടി മരിച്ചു

ഷാർജ: ഡ്രൈവർ കാറിൽ നിന്നിറക്കാൻ മറന്ന ഏഴു വയസുകാരൻ ദാരുണമായി മരിച്ചു. ലൈസൻസില്ലാത്ത ഡ്രൈവറുടെ കാറിൽ സ്കൂളിലെത്തിയ ഏഷ്യൻ വംശജനായ കുട്ടിയാണ്​ ശ്വാസംമുട്ടി മരിച്ചതെന്ന്​ ഷാർജ പോലീസ്​ അറിയിച്ചു.[www.malabarflash.com]

തിങ്കളാഴ്ച ഉച്ചക്ക്​ ശേഷമാണ്​ അൽ ശബ പ്രദേശത്തെ സംഭവം സംബന്ധിച്ച്​ പോലീസിൽ അറിയിപ്പ്​ ലഭിച്ചത്​. സ്കൂളിന്​ പുറത്ത്​ പാർക്ക്​ ചെയ്ത കാറിലാണ്​ കുട്ടിയുണ്ടായിരുന്നത്​. രാവിലെ സ്കൂളിലെത്തിയ കാറിൽ നിന്ന്​ മറ്റുള്ളവരെല്ലാം ഇറങ്ങിയപ്പോൾ കുട്ടിയെ ശ്രദ്ധിക്കാതിരുന്നതാണ്​ അപകടത്തിന്​ കാരണമായത്​. കുട്ടിയെ വൈകുന്നേരം കണ്ടെത്തിയ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മാതാപിതാക്കൾ കുട്ടിയെ സ്കൂളിലെത്തിക്കാൻ ഒരു വനിതാ ഡ്രൈവർക്ക്​ കരാർ നൽകുകയായിരുന്നു. കുട്ടിയുടെ പിതാവ്​ ഡ്രൈവറെ മരണത്തിന്​ ഉത്തരവാദിയായി ആരോപിക്കാൻ സന്നദ്ധമാകാത്ത സാഹചര്യത്തിൽ ഇവരെ അറസ്റ്റ്​ ചെയ്തിട്ടില്ലെന്നും എന്നാൽ രാജ്യം വിടുന്നതിൽ നിന്ന്​ തടഞ്ഞിട്ടുണ്ടെന്നും പോലീസ്​ അറിയിച്ചു. 

ലൈസൻസില്ലാത്ത ഡ്രൈവർമാരുടെ വാഹനത്തിൽ കുട്ടികളെ അയക്കുന്നതിന്‍റെ അപകടം തിരിച്ചറിയണമെന്ന്​ അധികൃതർ ഓർമിപ്പിച്ചു. കുട്ടികളെ കാറിൽ ഒറ്റപ്പെടുത്തുന്നത്​ സംബന്ധിച്ച്​ അധികൃതർ പലതവണ മുന്നറിയിപ്പ്​ നൽകിയിരുന്നു​.

Post a Comment

0 Comments